
12-01-2023
തിരുവനന്തപുരം : നഗരത്തിൽ ഗുണ്ടാസംഘങ്ങൾക്കെതിരേ ശക്തമായ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷൻ സുപ്പാരി’ എന്നപേരിൽ പദ്ധതി ആവിഷ്കരിച്ചതായി സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്രിമിനൽ സംഘങ്ങളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരം പരിശോധിച്ച് നിരന്തരം നിരീക്ഷണം നടത്തും.
കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് കച്ചവടം, കൂലിത്തല്ല് എന്നീ കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്.
ഗുണ്ടകളുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളും സഞ്ചാരവും നിരീക്ഷിച്ച് വിലയിരുത്തി നടപടികൾ സ്വീകരിക്കും.
‘കാപ്പ’ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നടപടികളും നല്ലനടപ്പിനായുള്ള ബോണ്ട് ഉത്തരവും കർശനമായി നടപ്പിലാക്കും.
ക്രിമിനലുകളെ ഉപയോഗിച്ച് സാമ്പത്തികത്തട്ടിപ്പ് നടത്തുന്നവർക്കെതിരേയും റിയൽ എസ്റ്റേറ്റ് ബിസിനസിലും മറ്റ് വസ്തു ഇടപാടുകളിലും ഉണ്ടാകുന്ന തർക്കങ്ങൾക്കും മറ്റും പരിഹാരം കാണാൻ ഗുണ്ടാ സംഘങ്ങളെ ആശ്രയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്്. ഇത്തരം ബിസിനസുകാർക്കെതിരേയും വിട്ടുവീഴ്ചയില്ലാതെ നിയമനടപടികളെടുക്കും.


Leave a comment