ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ

12-01-2023

ആറ്റിങ്ങൽ : പാലസ് റോഡിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ. ഇരുദിശയിലേക്കും അമിതവേഗത്തിലോടുന്ന ബസുകൾ മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാവുകയാണ്. പോലീസിന്റെയോ മോട്ടോർവാഹന വകുപ്പിന്റെയോ പരിശോധനകൾ നടക്കുന്നുമില്ല.

ഏറ്റവും തിരക്കേറിയ റോഡാണ് പാലസ് റോഡ്. കിഴക്കേ നാലുമുക്ക് മുതൽ ഗേൾസ്‌ ഹൈസ്കൂൾ ജങ്ഷൻ വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം തിരക്കുള്ളത്. നാലുവരിപ്പാത നടപ്പാകുന്നതിനു മുൻപ്‌ ഈ റോഡ് വൺവേയായിരുന്നു. നാലുവരിപ്പാത വന്നതോടെ പാലസ് റോഡ് ടു വേയാക്കി മാറ്റി. ഇതോടെ സ്വകാര്യബസുകളുടെ കുത്തകയായി ഈ റോഡ് മാറി.

വിദ്യാർഥികളുടെ പ്രധാന പാത

ഗവ. ഗേൾസ് എച്ച്.എസ്.എസിലെ കുട്ടികളിൽ ഭൂരിഭാഗവും മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന് ഈ റോഡിലൂടെയാണ് സ്കൂളിലേക്കു പോകുന്നത്. ഗവ. ടൗൺ യു.പി.സ്കൂൾ, ഡയറ്റ് സ്കൂൾ എന്നീ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളും ഈ റോഡിലൂടെയാണ് പോകുന്നത്. റോഡിനിരുവശവുമായി ധാരാളം ട്യൂഷൻ സെന്ററുകളുമുണ്ട്. 

ഇത്രയും തിരക്കുള്ള റോഡിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യബസുകൾ ചീറിപ്പായുന്നത്.

സിഗ്നൽ ഒഴിവാക്കാനുള്ള കുറുക്കുവഴി

ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ എന്നിവിടങ്ങളിൽനിന്നുള്ള സ്വകാര്യബസുകളും വർക്കലയിൽനിന്ന്‌ കവലയൂർ വഴി വരുന്ന ബസുകളും ഗേൾസ് ജങ്ഷനിൽനിന്ന്‌ കച്ചേരിനടയിലൂടെ പോകാതെ പാലസ് റോഡ് വഴിയാണ് മുനിസിപ്പൽ ബസ്‌സ്റ്റാൻഡിലേക്കു പോകുന്നത്. 

കച്ചേരിനടയിലെ സിഗ്നൽ ഒഴിവാക്കാൻവേണ്ടിയാണിത്. 

ഇതുകാരണം ഈ പ്രദേശങ്ങളിൽനിന്ന് താലൂക്കോഫീസ്, സബ്ട്രഷറി, കോടതികൾ, പോലീസ് സ്റ്റേഷൻ, ഡിവൈ.എസ്.പി. ഓഫീസ് എന്നിവിടങ്ങളിലേക്കു വരുന്ന യാത്രക്കാർ ദുരിതത്തിലാണ്.

ഇവർ ബസ് സ്റ്റാൻഡിലിറങ്ങിയശേഷം നടന്നോ ഓട്ടോറിക്ഷകളിലോ പോകണം. റൂട്ട് വ്യതിയാനം വരുത്തി ഓടുന്നത് നിയമലംഘനമാണ്. മാസങ്ങളായി ഇതു തുടരുന്നു.

കഷ്ടിച്ച് രണ്ട് ബസുകൾക്കു കടന്നുപോകാനുള്ള വീതി മാത്രമാണ് പാലസ് റോഡിനുള്ളത്. ബസ് സ്റ്റാൻഡിൽനിന്ന് കല്ലമ്പലം ഭാഗത്തേക്കും തീരദേശമേഖലകളിലേക്കും പോകുന്ന ബസുകൾ ഈ റോഡ് വഴി വേണം പോകാൻ. 

എതിർദിശയിൽക്കൂടി ബസുകൾ ഓടുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നു. സ്കൂൾക്കുട്ടികൾ റോഡിലൂടെ പോകുന്ന സമയങ്ങളിൽപ്പോലും ഉച്ചത്തിൽ ഹോൺ മുഴക്കി അമിതവേഗത്തിലാണ് സ്വകാര്യബസുകൾ പോകുന്നത്. 

ചിറയിൻകീഴ്, മണനാക്ക് റോഡുകളിൽനിന്നുള്ള സ്വകാര്യബസുകൾ പാലസ് റോഡ് വഴി ബസ് സ്റ്റാൻഡിലേക്കു പോകുന്നത് കർശനമായി തടയുന്നതിനും ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും അടിയന്തര ഇടപെടൽ വേണമെന്നാണ് യാത്രക്കാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started