‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു’: ബെംഗളൂരു മെട്രോ പില്ലര്‍ അപകടത്തില്‍ ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട യുവാവ്

11-01-2023

ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരനുഭവം പങ്കുവെച്ച് യുവതിയുടെ ഭര്‍ത്താവ് ലോഹിത്. തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ലോഹിത് പറഞ്ഞു. 

‘ഞാന്‍ സര്‍ക്കാരിനോട് എന്താണ് പറയേണ്ടത്? എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. മറ്റൊരാള്‍ക്കും ഈ അവസ്ഥ വരാതിരിക്കാന്‍ എല്ലാ സുരക്ഷ മുന്‍കരുതലുകളും സര്‍ക്കാര്‍ എടുക്കണം’ അദ്ദേഹം പറഞ്ഞു. .

‘ഞങ്ങള്‍ ഇരുചക്രവാഹനത്തിലാണ് യാത്രചെയ്തിരുന്നത്. അവരെ ആ സ്ഥലത്ത് ഇറക്കി ഞാന്‍ അവിടെ നിന്ന് പോകേണ്ടതായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ ഭാര്യയും കുട്ടിയും വീഴുന്നതാണ് കണ്ടത്. ഒന്നും എന്റെ കയ്യില്‍ അല്ലായിരുന്നു.’ നടന്ന സംഭവം വിവരിച്ചുകൊണ്ട് ലോഹിത് പറഞ്ഞു.

മെട്രോ തൂണ് തകർന്ന് വീണ് അപകടം

ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോയുടെ തൂണ് തകർന്ന് വീണ് അപകടം. അപകടത്തിൽ സ്ത്രീയും രണ്ടര വയസ്സുള്ള മകനും മരിച്ചു. റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് മുകളിലൂടെയാണ് തൂൺ തകർന്നു വീണത്.  യുവതിയുടെ ഭർത്താവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച പുലർച്ചെയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. 

നാഗവര മേഖലയിലെ മെട്രോ പില്ലറാണ് തകർന്നു വീണത്. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേ ഔട്ടിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. 25കാരിയായ തേജസ്വിയും മകൻ വിഹാനും ആണ് മരിച്ചത്.അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started