വർക്കല റെയിൽവേ സ്റ്റേഷനിൽ: ക്ലോക്ക് റൂം പ്രവർത്തിച്ചു തുടങ്ങി; ഡോർമിറ്ററി അടഞ്ഞുതന്നെ

10-01-2023

വർക്കല : വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം പ്രവർത്തിച്ചു തുടങ്ങി. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമായത്. ക്ലോക്ക് റൂം നിർമിച്ച് നാലര വർഷങ്ങൾക്കുശേഷമാണ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ, ഇതോടൊപ്പം നിർമാണം പൂർത്തിയാക്കിയ ഡോർമിറ്ററി ഉൾപ്പെടെയുള്ള ലോഡ്ജിങ് സംവിധാനത്തിന്റെ പ്രവർത്തനം തുടങ്ങാനായില്ല. ഇക്കഴിഞ്ഞ ഡിസംബർ 26 മുതലാണ് ക്ലോക്ക് റൂം യാത്രക്കാർക്കായി തുറന്നത്.

സ്റ്റേഷന്റെ പ്രവേശന കവാടത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലോക്ക് റൂമുള്ളത്. ഒരു ദിവസം സാധനങ്ങൾ സൂക്ഷിക്കുന്നതിന് 15 രൂപയാണ് ഈടാക്കുക. അടുത്ത ഓരോ ദിവസത്തിനും 20 രൂപ നൽകണം. ടൂറിസം, തീർഥാടന കേന്ദ്രമായ വർക്കലയിലെത്താൻ വിനോദസഞ്ചാരികളും തീർഥാടകരും പ്രധാനമായും ആശ്രയിക്കുന്നത്‌ വർക്കല സ്റ്റേഷനെയാണ്. ഒരു ദിവസത്തെ സന്ദർശനത്തിനായി വിവിധ സ്ഥലങ്ങളിൽനിന്ന്‌ നിരവധിപ്പേർ വർക്കലയിലെത്താറുണ്ട്. വർക്കല ക്ഷേത്രം, പാപനാശം ബീച്ച്, ശിവഗിരി എന്നിവിടങ്ങളിൽ പോകാനെത്തുന്നവർക്ക് ഇനി സാധനങ്ങൾ ക്ലോക്ക് റൂമിൽ സൂക്ഷിക്കാം. 

സ്റ്റേഷനിലെത്തുന്നവരിൽ പലർക്കും സാധനങ്ങൾ സൂക്ഷിക്കാൻവേണ്ടിമാത്രം മുറിയെടുക്കേണ്ടിവന്നിരുന്നു. അതിനാൽ യാത്രക്കാർക്ക് ക്ലോക്ക് റൂം ഏറെ ഉപയോഗപ്രദമാണ്. 2018 മാർച്ചിൽ സതേൺ റെയിൽവേ മാനേജർ വർക്കല റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. അതിനോടനുബന്ധിച്ച് നടന്ന നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ലോക്ക് റൂമും ലോഡ്ജ് സൗകര്യത്തിനായി മുറികളും തയ്യാറാക്കിയത്. റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ലോഡ്ജിങ്ങിനായി എട്ടു മുറികൾ തയ്യാറായിട്ടുള്ളത്. 

ടൈൽ പാകി പെയിന്റിങ് പൂർത്തിയാക്കിയ കെട്ടിടമിപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സ്ഥിരം ആവശ്യങ്ങളിലൊന്നാണ് ഡോർമിറ്ററിയും മുറികളും. രാത്രിയിൽ സ്റ്റേഷനിലെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ പുറത്ത് ലോഡ്ജുകൾ തേടി അലയേണ്ടിവരുന്നുണ്ട്. ഡോർമിറ്ററിയും എത്രയും വേഗം തുറന്നുപ്രവർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started