
10-01-2023
പാലക്കാട് ഒറ്റപ്പാലം കുടുംബകോടതിക്ക് മുമ്പിൽ വച്ച് വിവാഹമോചനത്തിന് എത്തിയ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് കോടതിയ്ക്ക് മുൻപിൽ വച്ച് വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്കെത്തിയ യുവതിക്ക് വെട്ടേറ്റത്. മനിശ്ശേരി കരുവാൻപുരക്കൽ സുബിതക്കാണ്(24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്പിൽ രഞ്ജിത്ത് (32) പൊലീസ് പിടിയിലായി. സുബിതയെ വെട്ടാൻ ഉപയോഗിച്ച കത്തിയുമായി ഒറ്റപ്പാലം പൊലീസിൽ രഞ്ജിത് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഒറ്റപ്പാലം കുടുംബ കോടതിക്കു മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഭർത്താവ് രഞ്ജിത്തുമായി ബന്ധം വേർപ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ടാണ് സുബിത കോടതിയിൽ എത്തിയത്. കേസ് പരിഗണിച്ച കോടതി കൗൺസിലിംഗിന് നിർദ്ദേശിക്കുകയായിരുന്നു. കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ശേഷമാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിക്ക് പുറത്ത് കാത്തു നിന്ന രഞ്ജിത്ത് പുറത്തിറങ്ങിയ യുവതിയുമായി തർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടയിലാണ് ആക്രമണം നടന്നത്.
സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മടവാൾ ഉപയോഗിച്ച് രഞ്ജിത്ത് യുവതിയെ വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൈകളിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. യുവതിയുടെ വലത് കൈയ്യിലെ നടുവിരലിനും ഇടത് കൈയ്യിലെ തള്ളവിരലിനും ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് ശേഷം രഞ്ജിത്ത് പൊലീസ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
യുവതി തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതിൻ്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് രഞ്ജിത് പൊലീസിനോട് പറഞ്ഞത്. ഒരു മാസത്തോളമായി സുബിത മീറ്റ്നയിലുള്ള മറ്റൊരു യുവാവിനൊപ്പമാണ് താമസം. ഇയാൾക്കൊപ്പമാണ് യുവതി കുടുംബകോടതിയിൽ എത്തയതും. ഇതും രഞ്ജിത്തിനെ പ്രകാോപി്പിച്ചെന്നാണ് വിവരം. രഞ്ജിത്തിനെതിരെ കൊലപാതക ശ്രമത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തിട്ടുണ്ട്.


Leave a comment