
08-01-2022
ആറ്റിങ്ങൽ : വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിന്റെ രൂപരേഖയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പുതുശ്ശേരിമുക്ക് ആക്‌ഷൻ കൗൺസിൽ പ്രവർത്തകർ ചിറയിൻകീഴ് താലൂക്കോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
റിങ് റോഡിനായി തയ്യാറാക്കിയ രൂപരേഖ പുതുശ്ശേരിമുക്കിനെ ഇല്ലാതാക്കുമെന്നും നാന്നൂറോളം കുടുംബങ്ങൾ ഇവിടെനിന്നുമാത്രം കുടിയൊഴിപ്പിക്കപ്പെടുമെന്നും ഉയർത്തിക്കാട്ടിയായിരുന്നു സമരം. പുതുശ്ശേരിമുക്ക് മുരുകൻ ക്ഷേത്രസംരക്ഷണസമിതി പ്രവർത്തകരും സമരത്തിലുണ്ടായിരുന്നു.
മുനിസിപ്പൽ ഗ്രന്ഥശാലയ്ക്കു സമീപത്തുനിന്നാരംഭിച്ച മാർച്ച് താലൂക്കോഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് ധർണ കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ ഉദ്ഘാടനം ചെയ്തു.
ഡോ. എം.മൂസാക്കുഞ്ഞ് അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ, മണിലാൽ സഹദേവൻ, ഷൈല കെ.ജോൺ, എം.എം.താഹ, എസ്.ഉല്ലാസ്‌കുമാർ, സജീർ രാജകുമാരി, എസ്.എം.റഫീഖ് എന്നിവർ പങ്കെടുത്തു.


Leave a comment