പത്തിലധികം മരണങ്ങൾ : അപകടക്കെണി അഥവാ കരകുളം പാലം

08-01-2023

കരകുളം : കരകുളം പാലം നാശത്തിന്റെ വക്കിലാണ്. കൈവരികൾ പലഭാഗത്തും ഇടിഞ്ഞു. ശേഷിക്കുന്ന ഭാഗത്തെല്ലാം കാട് വളർന്ന് അപകടാവസ്ഥയിലാണ്. പാലത്തിൽ ഓരോ വർഷവും കുറഞ്ഞത് പത്തിലധികം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്. തെങ്കാശിപ്പാതയിലെ പ്രധാന പാലങ്ങളിലൊന്നായ കരകുളം പാലത്തിനാണ് ഈ ഗതികേട്. ഈ പാലം പൊളിച്ച് പുതിയ പാലം കെട്ടാൻ എത്രയോ വർഷമായി നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നുണ്ട്.

പാലത്തിന്റെ കൈവരികൾ തകർച്ചയിലാണ്. പില്ലറുകളിൽ ആൽമരങ്ങൾ വളർന്ന് പലയിടത്തും വിള്ളൽവീണു. തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്കുലോറികളും ഐ.എസ്.ആർ.ഒ.യിലേക്കു വരുന്ന കൂറ്റൻ കണ്ടെയ്‌നറുകളും ഈ പാലത്തിലൂടെ തന്നെയാണ് വന്നുപോകുന്നത്. 

പാലം നിർമിച്ചത് രാജഭരണകാലത്ത് 

രാജഭരണകാലത്ത് കുതിരവണ്ടികൾക്കും മറ്റും കടന്നുപോകാൻവേണ്ടി കെട്ടിയപാലമാണ് കരകുളം പാലം. പാലത്തിൽക്കൂടി രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാവില്ല. പാലത്തിന്റെ ഇരുവശത്തെയും ഭിത്തികൾ പൊട്ടിമാറി. അടിത്തൂണുകൾക്കും ബലക്ഷയമുണ്ട്. ഇടുങ്ങിയ പാലത്തിൽ വർഷങ്ങളായി നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്. എന്നിട്ടും മാറിവന്ന സർക്കാരുകളൊന്നും പാലത്തിന്റെ വികസനത്തെപ്പറ്റിയോ, പുതിയൊരു പാലം കൊണ്ടുവരുന്നതിനോ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. 

അപകടം കുറയ്ക്കാൻ നടപ്പാലം 

കാൽനടയാത്രക്കാർക്ക് പാലത്തിൽ അപകടങ്ങൾ നിത്യസംഭവം ആയതോടെ ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് കാൽനടക്കാർക്കായി എ.സമ്പത്തിന്റെ വികസന ഫണ്ടിൽനിന്ന്‌ 14 ലക്ഷം ചെലവിട്ട് നടപ്പാലം നിർമിച്ചു. ആദ്യകാലങ്ങളിൽ നൂറുകണക്കിന് ആളുകൾ ഈ പാലം ഉപയോഗിച്ചിരുന്നു. 

പിന്നീട് പാലത്തിൽ സ്ഥാപിച്ചിരുന്ന സോളാർലൈറ്റുകളുടെ പ്രവർത്തനം നിലച്ചു. 

ഇതോടെ രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർ പാലം ഉപേക്ഷിച്ചു. 

ഇതോടെ പുതിയ നടപ്പാലം നോക്കുകുത്തിയായി കാടുകയറി നശിക്കുന്നു. 

തെങ്കാശിപ്പാതയിലെ ഏറ്റവും ഇടുങ്ങിയ കവലയാണ് കരകുളം പാലം ജങ്ഷൻ. കാച്ചാണി, കരകുളം, പേരൂർക്കട, നെടുമങ്ങാട് തുടങ്ങി മൂന്ന് പ്രധാന റോഡുകൾ ചേരുന്ന സ്ഥലത്താണ് പാലം സ്ഥിതിചെയ്യുന്നത്. 

ഒരേസമയം വണ്ടികൾ വന്നിറങ്ങുന്നതിനും തിരിയുന്നതിനും ഇവിടെ ഇടമില്ല. ഇത്തിരിപ്പോന്ന സ്ഥലത്താകട്ടെ 11-കെ.വി. ട്രാൻസ്‌ഫോമറും തൊഴിലാളികളുടെ ഇരിപ്പുകേന്ദ്രങ്ങളുമുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started