നിർമാണം തുടങ്ങി നാലാം വർഷത്തിലേക്കു കടന്നിട്ടും ഇനിയും പൂർത്തിയാകാതെ വലിയകുന്ന് താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗം

08-01-2023

ആറ്റിങ്ങൽ : നിർമാണം തുടങ്ങി നാലാം വർഷത്തിലേക്കു കടന്നിട്ടും ഇനിയും പൂർത്തിയാകാതെ വലിയകുന്ന് താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗം കെട്ടിടം. പുതിയ കെട്ടിടത്തിൽ പ്ലംബിങ്, വയറിങ്, പെയിന്റിങ് ജോലികളും കുറച്ച് ടൈൽ ജോലികളുമാണ് ഇനിയും പൂർത്തിയാകാനുള്ളത്. ആവശ്യത്തിന് പണിക്കാരെ നിർത്തി നിർമാണം നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതാണ് മെല്ലെപ്പോക്കിനിടയാക്കിയിട്ടുള്ളത്. കിഫ്ബി ഫണ്ടിൽ നിന്ന് 3.5 കോടി രൂപ ചെലവിട്ടാണ് 5500 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം നിർമിക്കുന്നത്.

ഇതു പൂർത്തിയായാൽ അത്യാഹിതവിഭാഗത്തിന് പുറമേ ലാബ്, എക്‌സ്‌റേ യൂണിറ്റുകളും ഇവിടേക്ക്‌ മാറ്റാനാകും. അതോടെ ഓഫീസ് കെട്ടിടത്തിലെ പ്രയാസങ്ങൾ മറികടക്കാനാകും. ഐ.പി.ബ്ലോക്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് എക്‌സ്‌റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇതിനു തൊട്ടടുത്താണ് ഫാർമസി. അത്യാഹിതവിഭാഗവും ഒ.പി., ഐ.പി., ഫാർമസി, എക്‌സ്‌റേ എന്നിവയെല്ലാം അടുത്തടുത്തായതിനാൽ വൻ തിരക്കാണിവിടെ അനുഭവപ്പെടുന്നത്. 

അത്യാഹിതവിഭാഗത്തിനു മുകളിൽ നാലു നിലകളിലായി ഒ.പി. ബ്ലോക്ക് ക്രമീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ആറുകോടിയുടെ പദ്ധതി തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചിട്ട് വർഷങ്ങളായി. ഒന്നാംഘട്ടം പൂർത്തിയായാൽ മാത്രമേ പദ്ധതി സംബന്ധിച്ച നടപടിക്രമങ്ങൾ തുടങ്ങാനാകൂവെന്നാണ് സൂചന.

അത്യാഹിതവിഭാഗത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ട്. ദിവസവും ആയിരത്തഞ്ഞൂറോളമാളുകളാണ് ഒ.പി.യിൽ ചികിത്സതേടിയെത്തുന്നത്. ഇതിനു സമീപത്തായി ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ചികിത്സയ്ക്കായുള്ള പ്രത്യേക ബ്ലോക്കും നിർമിക്കാൻ പദ്ധതിയുണ്ട്. 

നിർമാണം തുടങ്ങുമ്പോൾ ഒരുവർഷത്തിനുള്ളിൽ കെട്ടിടം പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ പണികൾ ഏറെക്കാലം മുടങ്ങി. പ്രതിസന്ധി നീങ്ങിയെങ്കിലും നിർമാണം വേഗത്തിലാക്കാനുള്ള ഇടപെടലുകൾ ഒരിടത്തുനിന്നും ഉണ്ടായില്ല. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ആശുപത്രിയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആധുനികസൗകര്യങ്ങളോടുകൂടിയ അത്യാഹിതവിഭാഗവും ഒ.പി.ബ്ലോക്കും സജ്ജമായാൽ ജില്ലയിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള താലൂക്കാശുപത്രിയായി വലിയകുന്ന് മാറും. ആശുപത്രിയിലിപ്പോൾ ഒ.പി.യും അത്യാഹിതവിഭാഗവും ലാബും ഓഫീസും ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ദേശീയപാതയോടു ചേർന്നുള്ള ആശുപത്രിയായതിനാൽ അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സതേടിയെത്തുന്നവർ ധാരാളമാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഇവിടെ ആധുനിക സൗകര്യങ്ങളോടെയുള്ള അത്യാഹിതവിഭാഗം വിഭാവനം ചെയ്തത്. ‌


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started