.jpg?$p=998287b&f=16x10&w=856&q=0.8)
ഗവിയിലേക്ക് പോകുന്ന ബസ് വഴിയില്‍ കേടായ സംഭവത്തെ തുടര്‍ന്ന് സര്‍വീസുകള്‍ക്കായി പുതിയ മൂന്ന് ബസുകള്‍ എത്തിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസില്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, ബസുകള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറഞ്ഞു. പത്തനംതിട്ടയില്‍നിന്നു ഗവിയിലേക്ക് സഞ്ചാരികളുമായി പോയ ബസ് വഴിമധ്യേ കേടായിരുന്നു.
എം.എല്‍.എ. ഫണ്ടില്‍നിന്നു പുതിയ ബസുകള്‍ വാങ്ങിനല്‍കണമെന്ന നിവേദനവും ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിന് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നിന് ആരംഭിച്ച പാക്കേജ് ടൂറിസം സര്‍വീസ് ഒരു മാസം പിന്നിടുമ്പോള്‍ നടത്തിയ ട്രിപ്പുകളുടെ എണ്ണം 100കടന്നു. വരുമാനം 20ലക്ഷമായി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍മേഖല, എറണാകുളം ഉള്‍പ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍മേഖല എന്നിങ്ങനെയുള്ള കെ.എസ്.ആര്‍.ടി.സി.യുടെ മൂന്ന് സോണുകളില്‍നിന്ന് ഇവിടേക്ക് ടൂര്‍ പാക്കേജ് നടത്തുന്നത്. ഒരു ദിവസം ഗവിയിലേക്ക് മൂന്ന് സര്‍വീസുകളാണ് നടത്തുന്നത്. ഒരു ദിവസത്തെ പാക്കേജാണിത്. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് രാവിലെ 6.30നാണ് സര്‍വീസ്. കെ.എസ്.ഇ.ബിയുടെ ഡാമുകളായ മൂഴിയാര്‍, കക്കിആനത്തോട്, കൊച്ചുപമ്പ, ഗവി എന്നിവ കാണാം. കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരികെ രാത്രിയോടെ പത്തനംതിട്ടയില്‍ എത്താം.
സ്വകാര്യ ടൂര്‍ ഏജന്‍സികളുടെ കുത്തകയായിരുന്ന സ്ഥലം
ഒരു മാസം മുമ്പ് വരെ സ്വകാര്യ ടൂര്‍ ഏജന്‍സികളുടെ കുത്തകയായിരുന്നു ഗവിയിലേക്കുള്ള യാത്ര. 3000 മുതല്‍ അയ്യായിരം വരെയാണ് യാത്രക്കാരുടെ കൈയില്‍നിന്നു ഇവര്‍ വാങ്ങിയെടുത്തിരുന്നത്. ഇങ്ങോട്ടേക്കാണ് കുറഞ്ഞ നിരക്കുമായി കെ.എസ്.ആര്‍.ടി.സി. എത്തിയത്. ടിക്കറ്റ് നിരക്ക്, ഭക്ഷണച്ചെലവ്, ബോട്ടിങ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടെ 1300 രൂപമാത്രമാണ് കെ.എസ്.ആര്‍.ടി.സി. വാങ്ങുന്നത്.
ടൂറിസം സെല്ലിന്റെ കണക്കുപ്രകാരം 3200ഓളം ആളുകളാണ് ഗവി സന്ദര്‍ശിക്കാനായി എത്തിയത്. ജില്ലയില്‍ ആറന്മുള വള്ളസദ്യ പാക്കേജിന് ശേഷം ഇത്രയുമധികം ആളുകളെത്തുന്ന പാക്കേജാണിത്. ഗവിയിലേക്ക് പോകുന്ന ബസ് വനത്തിനുള്ളില്‍ കേടാകുന്നുവെന്നുള്ള പ്രചാരണത്തിന് പിന്നില്‍ സ്വകാര്യ ലോബിയാണെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ ആരോപണം.
ഒരു തവണ മാത്രമാണ് ബസ് കേടായത്. അത് പെട്ടെന്ന് തന്നെ പരിഹരിക്കുകയും ചെയ്തു-കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ വ്യക്തമാക്കി.


Leave a comment