
Thursday 05 January, 2023
വർക്കല: വർക്കലയിൽ അനാഥാലയം തുടങ്ങാനെന്നു വിശ്വസിപ്പിച്ച് വിദേശ വനിതയിൽ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. തുടർന്ന് അയിരൂർ പൊലീസ് കേസെടുത്തു. സ്വീഡൻ സ്വദേശിയായ അന്ന എൽസ മറിയ അനു ബ്രാണ്ടിറ്റ് നൽകിയ പരാതിയെ തുടർന്നാണ് അയിരൂർ പൊലീസ് കേസെടുത്തത്.
വർക്കല ഇടവ ബീച്ചിൽ പ്രവർത്തിക്കുന്ന പാം ട്രീ ബീച്ച് റിസോർട്ട് ഉടമ തിലകനും കൂട്ടാളികളായ സജീവ് സിനിമോൻ,നജീബ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യൻ പൗരത്വമുള്ള സ്വീഡൻ സ്വദേശിയായ യുവതിയിൽ നിന്നാണ് അനാഥാലയം തുടങ്ങാമെന്നു പറഞ്ഞ് പണം തട്ടിയത്. താനും രക്ഷിതാക്കളും വർക്കലയിൽ എത്തിയാൽ കൊന്നുകളയുമെന്നു പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അന്നയും മാതാപിതാക്കളായ അന്ന ഹെലിന എലിസബത്ത് ബ്രാണ്ടിറ്റ്, സ്റ്റുവർട്ട് എന്നിവരുടെ അക്കൗണ്ടിൽ നിന്നാണ് 4 കോടിയോളം രൂപ വെസ്റ്റേൺ യൂണിയൻ വഴിയും യൂണിയൻ ബാങ്ക് വഴിയും കൈമാറിയത്. ഇതിന്റെ രേഖകൾ ഉൾപ്പെടെയാണ് യുവതി പരാതിയിൽ നൽകിയിട്ടുള്ളത്.
2008ൽ വർക്കലയിൽ എത്തിയ യുവതിയും കുടുംബവും തിലകനുമായി സൗഹൃദത്തിലായി. തുടർന്ന് ഇയാൾ ഇവരിൽ നിന്ന് അനാഥാലയത്തിന്റെ പേരിൽ പണം തട്ടി പുരയിടം വാങ്ങി പാം ട്രീ റിസോർട്ട് എന്ന പേരിൽ റിസോർട്ട് തുടങ്ങുകയായിരുന്നു.
പിന്നീട് യുവതിയും കുടുംബവും വർക്കലയിൽ എത്തിയമ്പോൾ വാടയ്ക്ക് എടുത്ത ഒരു കെട്ടിടം അനാഥ മന്ദിരമായും, സമീപത്തുള്ള കുട്ടികളെ അനാഥക്കുട്ടികൾ എന്ന വ്യാജേന കാണിക്കുകയുമായിരുന്നെന്ന് അന്ന പറയുന്നു. അയിരൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Leave a comment