
03-01-2023
വക്കം: കായിക്കരക്കടവ് പാലത്തിനും, അകത്തുമുറി – കഠിനംകുളം കായലിൽ ബ്രേക്ക് വാട്ടർ ടൂറിസത്തിനും സർക്കാർ നൽകിയ അനുമതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. 18 കിലോമീറ്ററോളം ദൈർഘ്യമുള്ള അകത്തുമുറി- കഠിനംകുളം കായലിൽ ബ്രേക്ക് വാട്ടർ യാത്രയിൽ നിർദ്ദിഷ്ട 5 ബോട്ട് ജെട്ടികളിൽ അവസാനത്തേതാണ് വക്കം പണയിൽക്കടവ്. പദ്ധതിക്കായി 10 കോടി രൂപയാണ് സർക്കാർ അനുവദിച്ചതെന്ന് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിന് പുറമേ കായിക്കരക്കടവ് പാലത്തിനും ബഡ്ജറ്റിൽ 28 കോടി രൂപ വകയിരുത്തിയതോടെ വക്കത്തിന്റെ മുഖം തന്നെ മാറുന്നതരത്തിലായി. ഇതിനു പുറമേ കായിക്കര കടവ് പാലത്തിന് ഇരുവശവും അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കലിന് 5 കോടി വേറെയും വകയിരുത്തി. ഇവയെല്ലാം വന്നാൽ നിരവധി തൊഴിൽ അവസരങ്ങൾ രൂപപ്പെടും.
കഠിനംകുളം കായലിനും അകത്തുമുറി കായലിനും ഇടയിൽ 8 കിലോ മീറ്റർ ദൂരത്തിൽ അഞ്ചുതെങ്ങ് കായൽ ജലയാത്രയിൽ പ്രകൃതിയുടെ ദൃശ്യ
മനോഹര സുന്ദരക്കാഴ്ചകൾ കാണാൻ സ്വദേശ വിദേശ സഞ്ചാരികൾക്ക് ഏറെ സൗകര്യമുണ്ടാകും.
ടൂറിസത്തിനും സാദ്ധ്യതകൾ
വക്കത്തിന് ജലഗതാഗത ടൂറിസം നൽകുന്ന പ്രതീക്ഷ വലുതാണ്. വക്കം ഗ്രാമപഞ്ചായത്തിന്റെ മൂന്ന് അതിരുകളും കായലാണ്. ടൂറിസം വഴി കായലിന്റെ പ്രസക്‌തി വർദ്ധിപ്പിക്കാനും ഇതുവഴി കഴിയുമെന്ന പ്രതീക്ഷ ഉയരത്തിലാണ്. ചരിത്രത്തിന്റെ ഭാഗമായ അഞ്ചുതെങ്ങ്കോട്ട, മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര, ഐ.എൻ.എ. ഹീറോ വക്കം ഖാദിറിന്റെ സ്മൃതി മണ്ഡപം, വക്കം മൗലവിയുടെ ജന്മസ്ഥലം, തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുള്ള പൊന്നിൻ തുരുത്ത് എന്നിവയും ഇവിടെയുണ്ട്.
കയറിന്റെ ഈറ്റില്ലം
ഒരു കാലത്ത് കയറിന്റെയും, പച്ച തൊണ്ടിന്റെയും ഈറ്റില്ലമായിരുന്നു ഇവിടെ. അഞ്ചുതെങ്ങ് കയറിന് ഇന്ത്യയ്ക്ക് പുറത്തും നല്ല മതിപ്പായിരുന്നു. അത് വഴി നല്ല വിദേശ നാണ്യവും നേടിയിരുന്നു. ഇത്തരം കയറിന്റെ ഭൂരിഭാഗവും നിർമ്മിച്ചിരിരുന്നത് വക്കം കേന്ദ്രീകരിച്ചായിരുന്നു. വീടുകളും സംഘങ്ങളും കേന്ദ്രീകരിച്ച് നിരവധി കയർ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. കയർ മേഖല സ്തംഭിച്ചതോടെ സാമ്പത്തിക രംഗം തകർന്നു.


Leave a comment