സംസ്ഥാന സ്‌കൂള്‍ കലോത്സവം: രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

02-01-2023

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും.കോഴിക്കോട് മോഡല്‍ സ്‌കൂളില്‍ രാവിലെ 10ന് മന്ത്രി വി ശിവന്‍കുട്ടി രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസും ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് കലോത്സവം അരങ്ങേറുക.

രാവിലെ 10.30ന് മാനാഞ്ചിറയില്‍ കലോത്സവ വണ്ടി എന്നപേരില്‍ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്. 11ന് മാനാഞ്ചിറയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി ഫ്‌ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.  ഉച്ചയ്ക്ക് ഒന്നിന് കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനത്ത് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും ചേര്‍ന്ന് വരവേല്‍ക്കും. രണ്ടു മണിക്കൂര്‍ കപ്പ് മാനാഞ്ചിറയില്‍ പ്രദര്‍ശനത്തിനുവയ്ക്കും. 3.30 ന് വിളംബര ജാഥ മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബിഇഎം സ്‌കൂളില്‍ അവസാനിക്കും. 4.30ന് മീഡിയ പവിലിയന്‍ ഉദ്ഘാടനംചെയ്യും.

കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. 25 വേദികളിലായി പരിപാടികള്‍ അരങ്ങേറും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാകും കലോത്സവത്തില്‍ പങ്കെടുക്കുക. സാധാരണ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ടാവും പൂര്‍ത്തിയാക്കുക.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started