ലോകമെമ്പാടുമുള്ള തീർഥാടകരെ വരവേൽക്കാൻ ശിവഗിരി ഒരുങ്ങി

27-12-2022

ശിവഗിരി : 90-ാമത് തീർഥാടനത്തിന് ശിവഗിരിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ലോകമെമ്പാടുമുള്ള തീർഥാടകരെ വരവേൽക്കാൻ വിപുലമായ തയ്യാറെടുപ്പാണ് നടക്കുന്നത്. 

ദിവസവും നിരവധി ടൂറിസ്റ്റ് ബസുകളാണ് തീർഥാടകരുമായി ശിവഗിരിയിൽ എത്തുന്നത്. മഹാസമാധിയിലും ശാരദാമഠത്തിലും എപ്പോഴും പ്രാർഥനയ്ക്ക് വലിയ തിരക്കാണ്. ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും നടത്താനും തിരക്കേറി. 

തീർഥാടനത്തിനു മുന്നോടിയായി പ്രഭാഷണപരമ്പരയും പ്രധാന സ്റ്റേജിൽ കലാപരിപാടികളും നടന്നുവരുന്നു. 

ടണൽവ്യൂവിന് സമീപം ദേശീയ കാർഷികമേളയും സസ്യപുഷ്പഫല പ്രദർശനവും വിപണനമേളയും തുടങ്ങി. തീർഥാടനത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കുതിനാൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. 

ഇതുസംബന്ധിച്ചുള്ള യോഗങ്ങളും ക്രമീകരണങ്ങളും നടന്നുവരുകയാണ്. തീർഥാടനസമ്മേളന പന്തലിന്റെയും അന്നദാന പന്തലിന്റെയും പണികൾ അവസാനഘട്ടത്തിലാണ്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും തീർഥാടന ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നു. ഡെപ്യൂട്ടി കളക്ടർ സഞ്ജയ് ജേക്കബ്ബിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ അവസാനഘട്ട വിലയിരുത്തൽയോഗം തിങ്കളാഴ്ച ശിവഗിരിയിൽ നടന്നു.

ശിവഗിരിയിലേക്കുള്ള വീഥികളിലെല്ലാം തീർഥാടകർക്ക് സ്വാഗതമോതി കമാനങ്ങൾ ഉയർന്നിട്ടുണ്ട്. പ്രധാന ജങ്ഷനുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചിട്ടുമുണ്ട്. ശിവഗിരി തീർഥാടന പന്തലിനു സമീപം വ്യാപാര സ്റ്റാളുകളെല്ലാം സജീവമായി. 

ശിവഗിരിയിലും ചുറ്റുവട്ടങ്ങളിലും ദീപാലങ്കാരവുമൊരുക്കിയിട്ടുണ്ട്. ദീപാലങ്കാരവും കലാപരിപാടികളും കാണാൻ രാത്രി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

തീർഥാടനത്തിന് ഗുരുപൂജ പ്രസാദം നൽകുന്നതിനായി സമാഹരിച്ച കാർഷിക വിഭവങ്ങളും മറ്റ് ഉത്പന്നങ്ങളും ശിവഗിരിയിൽ എത്തിക്കുന്നുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started