മൗനം കൊണ്ട് ആരവങ്ങളുടെ അലകള്‍ ഉയര്‍ത്തിയ പ്രതിഭ: ചാര്‍ളി ചാപ്ലിന്‍ ഓര്‍മ്മദിനം

Charlie Chaplin

25-12-2022

ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാര്‍ളി ചാപ്ലിന്‍. ഇതിഹാസ ഹാസ്യതാരം ചാപ്ലിനെ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ലോകം ഇന്നും സ്മരിക്കുന്നു. മൗനം കൊണ്ട് ആരവങ്ങളുടെ അലകള്‍ ഉയര്‍ത്തിയ അസാമന്യ പ്രതിഭ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം തികയുകയാണ്. 

Charlie Chaplin

1889 ഏപ്രില്‍ 16ന് ബ്രിട്ടനിലെ ഒരു ദരിദ്ര കുടുംബത്തില്‍ പിറന്ന ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്റെ ചെറുപ്പകാലം പട്ടിണിയുടെയും ഇല്ലായ്മയുടെയും നടുവിലായിരുന്നു. അഞ്ചാം വയസ് മുതല്‍ അഭിനയിച്ചു തുടങ്ങിയ ചാര്‍ളി ചാപ്ലിന്‍ 80-ാം വയസ് വരെ അഭിനയ രംഗത്ത് തുടര്‍ന്നു. 

Charlie Chaplin

ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത് ‘ട്രാമ്പ്’ എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു. ഭാഷകള്‍ക്കതീതനായി ലോകത്തെ ഒരു പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അദ്ദേഹം വിളമ്പിയ ഓരോ വാക്കിലും ചിരിയോടൊപ്പം ചിന്തയും അടങ്ങിയിരുന്നു.

Charlie Chaplin

ഉള്ളിലുള്ള വിഷമങ്ങള്‍ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിന്‍ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. 

Charlie Chaplin

വ്യക്തി ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ അനുഭവിച്ചിരുന്ന ചാപ്ലിന്‍ അവയെ എല്ലാം സധൈര്യം നേരിട്ടിരുന്നു. താരപ്രഭയില്‍ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളില്‍ തന്റേതായ നിലപാടുകളില്‍ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടതായി വന്നു. 

Charlie Chaplin

രണ്ടാം ലോകമഹായുദ്ധകാലത്ത് ഏകാധിപത്യവും കൊടിയ നരഹത്യയും നടത്തി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ലോകത്തെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ ഹിറ്റ്‌ലറെ പരിഹസിക്കാന്‍ ചാപ്ലിന്‍ ഒട്ടും മടിച്ചില്ല. ഹിറ്റ്‌ലറുടെ സേച്ഛാധിപത്യത്തെ പരിഹസിക്കുന്ന ‘ദ് ഗ്രേറ്റ് ഡിക്റ്റേറ്റര്‍’ എന്ന ചിത്രം ചാപ്ലിന്‍ നിര്‍മ്മിച്ചു. 1940 ഒക്ടോബറില്‍ റിലീസായ ഈ ചിത്രം വന്‍വിജയമായി. ഹിറ്റ്ലറെക്കാള്‍ നാലു ദിവസം മാത്രം പ്രായക്കൂടുതല്‍, മുഖച്ഛായയിലെ സാമ്യം, ഇരുവര്‍ക്കുമുള്ള ടൂത്ബ്രഷ് മീശ എന്നിവ കാരണം ചാപ്ലിന്റെ അഡനോയിഡ് ഡിങ്കല്‍ എന്ന ഏകാധിപതി ഗംഭീരമായി. 

Charlie Chaplin

ഹാസ്യ നടനായിരുന്നുവെങ്കിലും വളരെ ഗൗരവത്തോടെ ജീവിതത്തെ കണ്ടിരുന്ന ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയായിരുന്നു ചാര്‍ളി ചാപ്ലിന്‍. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ പലതും ഇന്നും ഓരോ വ്യക്തികളുടെയും ജീവിതവുമായി അടുത്തബന്ധം പുലര്‍ത്തുന്നു

Charlie Chaplin

നാം ഏത് കഠിനമായ ജീവിത സാഹാചര്യത്തിലൂടെ കടന്നുപോയാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാന്‍ ചാര്‍ളി ചാപ്ലിന്‍ ലോകത്തെ പഠിപ്പിച്ചു. എ വുമണ്‍ ഓഫ് പാരീസ്, ദ് ഗോള്‍ഡ് റഷ്, ദ് സര്‍ക്കസ്, സിറ്റി ലൈറ്റ്‌സ്, മോഡേണ്‍ ടൈംസ്, ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍… തുടങ്ങിയ സിനികളിലൂടെ ചാപ്ലിന്‍ അവതരിപ്പിച്ച സന്ദേശങ്ങളും അവതരണ രീതിയും എന്നും പഠനാര്‍ഹമാണ്. 

Charlie Chaplin

എല്ലാവരും ഓരോരോ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു, എന്നാല്‍ പ്രശ്‌നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതം ആഹ്ലാദകരം അല്ലെങ്കില്‍ ദുരിതപൂര്‍ണമാകുന്നതെന്ന് ചാപ്ലിന്‍ തന്നിലെ കലാകാരനിലൂടെ ലോകത്തെ ഓര്‍മപ്പെടുത്തുന്നു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started