
24-12-2022
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ശനിയാഴ്ച രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രവേശിച്ചു. 107 ദിവസം കൊണ്ട് ഏകദേശം 3000 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയാണ് ഡൽഹിയിലെത്തിയിരിക്കുന്നത്. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ 6 മണിക്കാണ് ഡൽഹിയിലെ യാത്രക്ക് തുടക്കമായത്. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ പാർട്ടികൾക്ക് ക്ഷണം അയച്ചിരുന്നു. കമൽ ഹാസൻ അടക്കമുള്ളവർ ഇന്ന് യാത്രയിൽ അണിനിരക്കും. തന്നെ രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ടെന്നും ഡിസംബർ 24ന് രാജ്യതലസ്ഥാനത്ത് നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്നും കമൽഹാസൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, ആർഎൽഡി മേധാവി ജയന്ത് ചൗധരി, സുഭാഷ്പ മേധാവി ഓം പ്രകാശ് രാജ്ഭർ, ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്, മറ്റ് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ എന്നിവർക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
ഒൻപത് സംസ്ഥാനങ്ങളിലെ 46 ജില്ലകളിൽ 107 ദിവസങ്ങൾ കൊണ്ട് 3000 കിലോമീറ്ററോളം യാത്ര പിന്നിട്ടു. ഇനി 548 കിലോമീറ്റർ യാത്ര മാത്രമേ ബാക്കിയുള്ളൂ. 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ കാൽനടയാത്രയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. യുപി, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ 3 സംസ്ഥാനങ്ങളിലൂടെ യാത്ര ഇനിയും കടന്നുപോകാനുണ്ട്.


Leave a comment