
24-12-2022
നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റു ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി.
വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീർക്കുന്നം ഗവ സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനത്തിലാണ് ഖബറടക്കം.
നാഗ്പൂരിൽ വെച്ച് ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ കുത്തിവെപ്പെടുക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. കേരളത്തിന്റെ അണ്ടർ 14 പോളോ താരമാണ് നിദ ഫാത്തിമ.
മത്സരിക്കാനെത്തിയ കേരളാ താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് ഉയരുന്ന ആരോപണം. ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. രണ്ട് ദിവസം ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിൽ ആയിരുന്നു.
സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെടെയുള്ള സംഘം മത്സരത്തിനെത്തിയത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.


Leave a comment