
20-12-2022
കോട്ടയം: ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍.സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതീയമായ വേര്‍തിരിവ് കാട്ടി എന്ന പരാതി ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.വിദ്യാര്‍ത്ഥികളുടെ പരാതിയേക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു.എന്നാല്‍ അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.സമരം നീണ്ടു പോകുന്നതല്ലാതെ നടപടിയൊന്നും ആകാതായതോടെ പഠനം ഉപേക്ഷിച്ച് മടങ്ങുന്നതിനേ കുറിച്ച് ആലോചിക്കുകയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍.
സ്ഥാപനത്തിലെ ജീവനക്കാരോടും ഡയറക്ടര്‍ മോശമായാണ് പെരുമാറിയിരുന്നത്.ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകുവാനും ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി.വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്റെ വീട്ടില്‍ കയറാവു എന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ പരാതി അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി രണ്ടാഴ്ച മുമ്പ് സമിതിയെ വെച്ചെങ്കിലും ഇവരുടെ അന്വേഷണം തുടങ്ങിയത് രണ്ടു ദിവസം മുമ്പാണ്.സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്റെ വിശ്വസ്ഥനാണ് ആരോപണ വിധേയനായ ശങ്കര്‍ മോഹന്‍.ആഷിക് അബു ഉള്‍പ്പെടെയുള്ള സിപിഎം സഹയാത്രികരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ വരെ ചലച്ചിത്രോത്സവ വേദിയില്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.


Leave a comment