ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുവയസ്സുകാരനുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

19-12-2022

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുവയസ്സുകാരനുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മകനായ സമർഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിൻ്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിന്റെ മകനായ ശരത്തിനെ നാട്ടുക്കാര്‍ രക്ഷപെടുത്തി . ശരത്താണ് കാറോടിച്ചിരുന്നത് എന്നാണ് വിവരം. വാഹനം പൂർണമായും പുഴയിൽ മുങ്ങിപ്പോയതാണ് മരണസംഖ്യ കൂടാൻ കാരണമായത്.

നിയന്ത്രണം വിട്ട് കാർ പുഴയിലേക്ക് മറിഞ്ഞു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

പുഴയിലേക്ക് മറിഞ്ഞ കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാറിൽ നിന്നും പുറത്തെടുത്തപ്പോൾ തന്നെ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. എല്ലാവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവശനിലയിലായ മൂന്ന് പേരും പിന്നീട് മരണപ്പെടുകയായിരുന്നു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും, ഇരിങ്ങാലക്കുടയിലെ അഗ്നിരക്ഷാ ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started