
16-12-2022
ആറ്റിങ്ങൽ : പഠിക്കുന്ന വിദ്യാലയത്തിനു ഭൂമിവാങ്ങാൻ തന്റെ സമ്പാദ്യമായ കുടുക്കയിലെ തുക പ്രഥമാധ്യാപകനു കൈമാറി വിദ്യാർഥിയുടെ മാതൃക.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി കാശിനാഥനാണ് തനിക്ക് അക്വേറിയം നിർമിക്കാനായി കുടുക്കയിൽ സ്വരൂപിച്ചിരുന്ന 610 രൂപ പ്രഥമാധ്യാപകനു കൈമാറിയത്.
കോരാണി കോണത്തുവീട്ടിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരനായ സുധീർകുമാർ-അനു ദമ്പതിമാരുടെ മകനാണ് കാശിനാഥൻ. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്കൂളിനായി സമീപത്തെ ഭൂമിവാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്കൂളധികൃതർ രക്ഷിതാക്കൾക്ക് മുന്നിൽ സഹായാഭ്യർഥന നടത്തിയിരുന്നു.
യോഗത്തിൽ പങ്കെടുത്ത സുധീർകുമാർ വിവരം വീട്ടിലെത്തി പറഞ്ഞപ്പോൾ കാശിനാഥൻ തന്റെ കുടുക്കയിലെ സമ്പാദ്യം സ്കൂളിനു നൽകാൻ താത്‌പര്യം പ്രകടിപ്പിക്കുകയായിരുന്നു. ചെറുപ്രായത്തിൽത്തന്നെ പൊതുകാര്യത്തിനായി സമ്പാദ്യം ചെലവിടാൻ തയ്യാറായ കാശിനാഥനെ പ്രഥമാധ്യാപകൻ ജി.എൽ.നിമി അഭിനന്ദിച്ചു. കാശിനാഥന്റെ സഹോദരൻ കൃഷ്ണദേവ് ഇതേ സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ്.


Leave a comment