
16-12-2022
വിഴിഞ്ഞം : നായ കുറുകെച്ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ട പോലീസ് ജീപ്പ് ബൈപ്പാസിൽനിന്നു സമീപത്തെ സർവീസ് റോഡിലേക്കു തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞ് ഒന്നരയോടെ തിരുവല്ലം-കോവളം ബൈപ്പാസിൽ വാഴമുട്ടത്തിനടുത്ത് വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എസ്.ഐ. ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
സ്റ്റേഷനിലെ കമ്യൂണിറ്റി റസിഡൻസ് ഓഫീസർ ജോൺ ബ്രിട്ടോ, സി.പി.ഒ. സഞ്ജു, ഹോം ഗാർഡ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഹോം ഗാർഡ് ശിവരാജന്റെ പരിക്ക് ഗുരുതരമല്ല. ജോൺ ബ്രിട്ടോയുടെ കൈകൾക്കും കാലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ജോസിന്റെ കഴുത്തിനും നട്ടെല്ലിനും സാരമായ പരിക്കേറ്റു.
ജീപ്പ് ഓടിച്ചിരുന്ന സഞ്ജുവിനും ജീപ്പ് തലകീഴായി മറിഞ്ഞുവീണതിന്റെ ആഘാതത്തിൽ കഴുത്തിനും ഇടുപ്പിനും കൈകൾക്കും പരിക്കേറ്റു. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽനിന്നു ലഭിച്ച പരാതി അന്വേഷണത്തിനുപോയി മടങ്ങുമ്പോഴാണ് പോലീസുകാർ അപകടത്തിൽപ്പെട്ടത്.
ക്രെയിനെത്തിച്ച് റോഡിൽനിന്നു നീക്കിയ ജീപ്പ് തിരുവല്ലം പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ തകർന്ന ജീപ്പിന് പകരം കിട്ടിയ ജീപ്പാണ് അപകടത്തിൽ തകർന്നത്.


Leave a comment