
15-12-2022
വിഴിഞ്ഞം : മത്സ്യത്തൊഴിലാളികളുടെ സമരത്തെ തുടർന്ന് നഷ്ടപ്പെട്ടുപോയ സമയം കണക്കിലെടുത്ത് തുറമുഖത്തിന്റെ നിർമാണം അതിവേഗത്തിലാക്കുമെന്നും അടുത്ത സെപ്റ്റംബറിൽ ആദ്യകപ്പലെത്തുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. തുറമുഖ നിർമാണം പുനരാരംഭിച്ച ശേഷം പദ്ധതിപ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
പുലിമുട്ടിന്റെ നിർമാണം പുരോഗമിക്കുന്ന മുറയ്ക്ക് 800 മീറ്ററുള്ള ബെർത്തിന്റെ 400 മീറ്റർ നിർമാണം പൂർത്തിയാക്കും. ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ അടുക്കുന്നതിന് 400 മീറ്ററുള്ള ബെർത്ത് തത്കാലം മതിയാകും.
പുലിമുട്ട് നിർമാണത്തെയാണ് സമരം ഏറ്റവും കൂടുതൽ ബാധിച്ചത്. 70 ശതമാനം പൂർത്തിയാക്കിയ തുറമുഖത്തിന്റെ നിർമാണം കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് നിലച്ചത്.
ഇത് പരിഹരിക്കുന്നതിനായി അറുപത് കോടി രൂപ ചെലവഴിച്ച് പുതിയ ലോഡ് ഔട്ട് പോയിന്റ് (എൽ.ഒ.പി) കൂടി നിർമിക്കുവാൻ തീരുമാനിച്ചു.
ജനുവരിയിൽ ഇത് പ്രവർത്തന ക്ഷമമാക്കും. പുലിമുട്ട് നിർമാണത്തിനായി പ്രതിദിനം 15000 ടൺ പാറയാണ് കടലിൽ നിക്ഷേപിക്കുന്നത്. ജനുവരിയോടെ ഇത് 30000 ടൺ ആക്കും. സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിൽ നിന്നുമുള്ള പാറമടകളിൽ നിന്ന് കരിങ്കല്ലുകൾ പദ്ധതിപ്രദേശത്ത് എത്തിക്കുന്നുണ്ട്. നിലവിൽ 13 ബാർജുകളും 6 ടഗ്ഗുകളും പുലിമുട്ട് നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ നിർമാണമേഖലയിൽ പുതിയ ടഗ്ഗുകളും ബാർജുകളും പദ്ധതിപ്രദേശത്ത് എത്തിക്കും. നിർമാണത്തിന്റെ ഭാഗമായുള്ള കടൽ കുഴിക്കൽ (ഡ്രഡ്ജിങ്) ഉടനെ തുടങ്ങും. ശേഷിക്കുന്ന പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള കലണ്ടർ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024-ഓടെ തുറമുഖത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
33/11 കെ.വി. സബ്‌സ്റ്റേഷനുകൾ 2024 ജനുവരിയിലും ഗേറ്റ് ക്ലോപ്ലക്‌സ് മാർച്ചിലും വർക്ക്‌ഷോപ്പ് ക്ലോപ്ലക്‌സ് ഏപ്രിലിലും എക്യൂപ്‌മെന്റ് വെസൽ മേയിലും കണ്ടയ്‌നറുകളുടെ റഫ്രിജറേറ്റർ ഓഗസ്റ്റിലും പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. .
പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ അധ്യക്ഷതയിലുള്ള മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കും. തുറമുഖ സെക്രട്ടറി കെ.ബിജു, വിസിൽ സി.ഇ.ഒ. ഡോ.ജയകുമാർ, തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ, കോർപ്പറേറ്റ് മാനേജർ സുശീൽ നായർ, സി.എസ്.ആർ.മേധാവി അനിൽ ബാലകൃഷ്ണൻ, സെക്യൂരിറ്റി മേധാവി രോഹിത് നായർ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.


Leave a comment