
15-12-2022
ശിവഗിരി : 90-ാമത് ശിവഗിരി തീർഥാടനത്തിന് മുന്നോടിയായുള്ള പ്രഭാഷണ പരമ്പര വ്യാഴാഴ്ച തുടങ്ങും. 29-വരെ നീളുന്നതാണ് പരമ്പര. വൈകീട്ട് നാലിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ പങ്കെടുക്കും.
വെള്ളിയാഴ്ച മുതൽ രാവിലെ 10 നാണ് പ്രഭാഷണങ്ങൾ. വെള്ളിയാഴ്ച കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി, 17-ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, 18-ന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, 19-ന് ധർമസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ബോധിതീർഥ്, 20-ന് സ്വാമി പ്രബോധതീർഥ, 21-ന് സ്വാമിനി ജ്യോതിർമയി, 22-ന് സ്വാമി അസംഗാനന്ദ ഗിരി, 23-ന് സ്വാമി അദ്വൈതാനന്ദ, 24-ന് സ്വാമിനി നിത്യചിന്മയി, 25-ന് സ്വാമി മുക്താനന്ദയതി, 26-ന് സ്വാമി ശിവനാരായണ തീർഥ, 27-ന് സ്വാമി സുരേശ്വരാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
28-ന് പാരമ്പര്യവൈദ്യ സമ്മേളനവും 29-ന് ഗുരുദേവ ശിഷ്യ, പ്രശിഷ്യ സമ്മേളനവും ഉണ്ടാകും.
തീർഥാടകർക്കായി അന്നദാനപ്പന്തൽ തയ്യാറാകുന്നു
ശിവഗിരി : തീർഥാടന കാലത്ത് ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമായി എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് മൂന്ന് നേരവും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഗുരുപൂജാ അന്നദാനപ്പന്തലിന്റെ പണികൾ പുരോഗമിക്കുന്നു.
നിലവിലെ ഗുരുപൂജാമന്ദിരത്തിന് വടക്കുവശം തയ്യാറാകുന്ന പന്തലിൽ ഒരേസമയം പതിനായിരങ്ങൾക്ക് ഭക്ഷണം കഴിക്കാനാകും. ഈ ആഴ്ചയോടെ പന്തൽ നിർമാണം പൂർത്തിയാകും. ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം നിർവഹിക്കുന്നതിനും സേവനസന്നദ്ധരായ നൂറുകണക്കിന് വൊളന്റിയർമാർ ഉണ്ടാകും.


Leave a comment