സ്‌പോട്ട് കിക്കുകളില്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ 2 കിക്കുകളും തടുത്തിട്ടാണ് എമിലിയാനോ മാര്‍ട്ടീനെസ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

10-12-2022

ലുസൈല്‍ സ്റ്റേഡിയത്തിലെ അര്‍ജന്‍റീനിയന്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ അയാള്‍ ഇല്ലാതിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ മെസിപ്പടയുടെ വിധി മറ്റൊന്നാകുമായിരുന്നു.  രണ്ട് ഗോള്‍ നേടി മുന്നിട്ട് നിന്ന അര്‍ജന്‍റീനയ്ക്കെതിരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് നെതര്‍ലാന്‍ഡ് സമനില കുരുക്കിട്ടത് മുതല്‍ ലോകമെമ്പാടുമുള്ള അര്‍ജന്‍റീന ആരാധകരുടെ പ്രതീക്ഷ അയാളുടെ കൈകളിലായിരുന്നു. എമിലിയാനോ മാര്‍ട്ടീനെസ്.. പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കുന്നില്ല എന്ന് പറഞ്ഞു നടന്ന വിമര്‍ശകരുടെ വായടിപ്പിച്ച് മെസിപ്പടയുടെ സെമി പ്രവേശനത്തിന്  എമിലിയാനോ മാര്‍ട്ടീനെസ് വഴിയൊരുക്കി.

സ്‌പോട്ട് കിക്കുകളില്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ 2 കിക്കുകളും തടുത്തിട്ടാണ് എമിലിയാനോ മാര്‍ട്ടീനെസ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ഡച്ച് ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ഡൈക്ക്, പിന്നാലെ രണ്ടാം കിക്കെടുത്ത ബെര്‍ഗ്യൂസിന്റെ ഷോട്ടും അര്‍ജന്‍റീനിയന്‍ ഗോളി തട്ടിയകറ്റി.

അപ്രതീക്ഷിത തോല്‍വിലേക്ക് കൂപ്പുകുത്തുമായിരുന്ന അര്‍ജന്‍റീനയെ കൈപ്പിടിച്ചു കയറ്റിയ എമിയെ നായകന്‍ ലയണല്‍‌ മെസി ആശ്ലേഷിച്ചത് മത്സരത്തിന്‍റെ സുന്ദരനിമിഷങ്ങളിലൊന്നായി.

നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി നഹ്വെല്‍ മൊളീന്യയും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഗോളടിച്ചപ്പോള്‍ നെതര്‍ലാന്‍ഡ്‌സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ഗോള്‍ നേടി. മറുവശത്ത് ടിയൂന്‍ കൂപ്പ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവരുടെ ശ്രമങ്ങളും ലക്ഷ്യം കണ്ടു.

പിന്നീട് മൂന്ന് കിക്കുകളും നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ വലയിലെത്തിച്ചെങ്കിലും അഞ്ചില്‍ നാലും വലയിലെത്തിച്ച അര്‍ജന്റീന വിജയത്തിലേക്ക് ഓടിക്കയറി. സെമി ഫൈനലില്‍ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന എത്തുന്ന ക്രൊയേഷ്യയാണ് മെസിപ്പടയുടെ എതിരാളികള്‍.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started