ആറ്റിങ്ങൽ നഗരസഭാ ലൈബ്രറിയിൽ സീലിംഗ് അടർന്നു വീഴുന്നു

apakadam

10-12-2022

ആറ്റിങ്ങൽ: നഗരസഭയിൽ കലാപ സ്മാരക ഹാളിന്റെ മേൽക്കൂരയുടെ പൂശ് അടർന്നു വീഴുന്നു. മുനിസിപ്പൽ ലൈബ്രറി കെട്ടിട സമുച്ചയത്തിന്റെ ഭാഗമാണ് ആറ്റിങ്ങൽ കലാപ സ്മാരക ഹാളും. പതിറ്റാണ്ടുമുമ്പ് നിർമ്മിച്ചതാണ് മന്ദിരം. കച്ചേരി നടയിൽ ദേശീയ പാതയോരത്താണ് മുനിസിപ്പൽ ലൈബ്രറി കെട്ടിടം. താഴത്തെ നിലയിൽ കലാപ സ്മാരക ഹാളും മുകളിൽ മുനിസിപ്പൽ ലൈബ്രറിയും. ഒരു കോടിയോളം ചെലവഴിച്ചാണ് ബഹുനില കെട്ടിടം പണിതത്. എന്നാൽ, വർഷങ്ങൾക്കകം കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥ. ലൈബ്രറി പുസ്തകങ്ങൾ നശിക്കുമെന്നായതോടെ നഗരസഭ വീണ്ടും ലക്ഷങ്ങൾ ചെലവഴിച്ച് പുതുക്കിപ്പണിതു. ഇപ്പോൾ താഴത്തെ നിലയിലെ പ്ലാസ്റ്ററിംഗ് ഇളകി വീഴുകയാണ്. പല ഭാഗത്തായി പൊള്ളിയിളകിയ നിലയിൽ ഏതു നിമിഷവും നിലം പതിക്കാവുന്ന രീതിയിൽ സീലിംഗ് അടരുന്നത് അപകടഭീഷണി ഉയർത്തുന്നു. ഇരുനൂറിലധികം പേർക്ക് ഇരിക്കാവുന്നതാണ് കലാപ സ്മാരക ഹാൾ. ഉൾവശം ജിപ്സം സീലിംഗ് ചെയ്തിട്ടുണ്ട്. അതിനാൽ ,ഈ ഭാഗത്തെ അപകടാവസ്ഥ പുറത്തറിയാൻ കഴിയില്ല. പ്രവേശനഭാഗത്തെ മേൽക്കൂരയുടെ സീലിംഗും അടർന്നു വീഴുകയാണ്. ആശങ്കയോടെയാണ് ഇവിടെ പൊതുപരിപാടികൾ നടത്തുന്നത്. വാടക കുറവായതിനാൽ എല്ലാവരും നഗരത്തിൽ പൊതു പരിപാടികൾക്ക് ആദ്യം തിരഞ്ഞെടുക്കുന്നത് ഈ ഹാളാണ്. സർക്കാർ പരിപാടികൾ, സ്വകാര്യ പരിപാടികൾ എല്ലാം ഇവിടെ നടത്തും. മണിക്കൂർ അനുസരിച്ചാണ് വാടക. അതിനാൽ ഭൂരിഭാഗം ദിവസങ്ങളിലും ഒന്നിലധികം പരിപാടികൾക്ക് വേദിയാകും. കെട്ടിട നിർമ്മാണത്തിലെ പാളിച്ചയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. എന്നാൽ ഇതുസംബന്ധിച്ച് അന്വേഷണത്തിനോ നടപടിക്കോ മാറി വന്ന കൗൺസിലുകളൊന്നും തയ്യാറായിട്ടില്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started