2022 ഡിസംബർ 09
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഗാന്ധിനഗറിൽ വച്ച് ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭയിൽ ആരൊക്കെ എന്ന കാര്യത്തിൽ ഉടൻ വ്യക്തത വരും. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ ഗുജറാത്ത് കോൺഗ്രസിൽ സംഘടന തലത്തിൽ അഴിച്ച് പണി ഉണ്ടായേക്കും.
സംസ്ഥാന ഘടകം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ അടക്കമുള്ളവർ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ സ്ഥാനം രാജി വെച്ചിരുന്നു. അതേസമയം പണവും മദ്യവും ഒഴുക്കിയാണ് ബിജെപി വമ്പൻ വിജയം നേടിയതെന്ന് മഹാരാഷ്ട്രയിലെ പിസിസി പ്രസിഡന്‍റ് നാനാ പട്ടോളേ ആരോപിച്ചു. രാജ്യത്തിന്‍റെ പൊതുവികാരം അല്ല ഗുജറാത്തിൽ കണ്ടതെന്നായിരുന്നു എൻസിപി അധ്യക്ഷൻ ശരത് പവാറിന്‍റെ പ്രതികരണം.
ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നതാണ് ഗുജറാത്തിലെ ബിജെപിയുടെ മിന്നുന്ന വിജയം. രണ്ടായിരത്തി ഇരുപത്തിനാലിലും ഗുജറാത്ത് മാതൃക മുൻനിറുത്തിയുള്ള പ്രചാരണത്തിന് തുടക്കമിടാൻ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ സഹായിക്കും. ഹിമാചൽ പിടിച്ച് മുഖം രക്ഷിച്ചെങ്കിലും ദേശീയ പാർട്ടിയായി എഎപി മാറിയത് കോൺഗ്രസിന് അപായ സൂചനയാണ്.
Leave a comment