ആറ്റിങ്ങലിൽ നഗരസഭയുടെ അറവുശാലയുടെ നവീകരണം വൈകുന്നതായി പരാതി

09-12-2022

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നഗരസഭയുടെ അറവുശാലയുടെ നവീകരണം വൈകുന്നതായി പരാതി. ചിറയിൻകീഴ് താലൂക്കിലെ വിവിധയിടങ്ങളിൽ നിന്ന് കശാപ്പിനായി ആടുമാടുകളെ കൊണ്ടുവരുന്നത് ആറ്റിങ്ങലിൽ മാർക്കറ്റിനുള്ളിലെ അറവുശാലയിലാണ്. ഈ അറവുശാലയാണ് നവീകരണമില്ലാതെ നശിക്കുന്നത്. അറവുശാലയിലെ അസൗകര്യങ്ങൾ വർദ്ധിച്ചതും, കെട്ടിടം നാശത്തിന്റെ വക്കിലുമായതിനാൽ അറവിന് കൊണ്ടുവരുന്ന ആടുമാടുകളുടെ എണ്ണവും കുറഞ്ഞു. അതോടെ അനധികൃത കശാപ്പും ആറ്റിങ്ങൽ മേഖലയിൽ വർദ്ധിച്ചു.

രോഗഭീഷണിയും

മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന അറവുശാലയുടെ പരിസരവും മലിനജലം കൊണ്ട് നിറഞ്ഞു കിടക്കുകയാണിപ്പോൾ. പോരാത്തതിന് പരിസരം കാടുപിടിച്ച നിലയിലും. കെട്ടിടത്തിന്റെ ഷട്ടറുകളും വാതിലുകളും തുരുമ്പെടുത്ത് നശിച്ച നിലയിലാണിപ്പോൾ. രണ്ട് വർഷം മുമ്പ് അറവുശാല ആധുനിക രീതിയിൽ നവീകരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല. നിലവിൽ അറവുശാലയുടെ മലിനജലം ഒഴുകി മത്സ്യ മാർക്കറ്റിന്റെ ഭാഗത്തേക്ക് ഒഴുകിവരികയാണിപ്പോൾ. ഓടകളും തകർന്ന നിലയിലാണ്. ഇത് മാർക്കറ്റിലെത്തുന്നവർക്കും കച്ചവടക്കാർക്കും ദുർഗന്ധവും ആരോഗ്യ ഭീഷണിയുമുണ്ടാക്കുന്നു.

അനധികൃത കശാപ്പും

അറവുശാലയുടെ അസൗകര്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവന്നതോടെ ചന്തയുടെ സമീപത്തെ മാംസ വ്യാപാര കേന്ദ്രങ്ങൾക്ക് മാത്രമായി അറവ് ചുരുങ്ങി. അറവുശാലയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായതോടെ ആനധികൃത കശാപ്പും ആറ്റിങ്ങൽ മേഖലയിൽ വർദ്ധിക്കുന്നതായി ആക്ഷേപമുണ്ട്. കശാപ്പിന് മുമ്പ് മൃഗങ്ങളെ വെറ്ററിനറി ഡോക്ടർ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തണമെന്ന നിയമവും അനധികൃത കശാപ്പ് മേഖലയിൽ നടപ്പിലാക്കാൻ കഴിയുന്നില്ല. ഇതുമൂലം ചത്ത മൃഗങ്ങളുടെ ഇറച്ചി പോലും വില്പനയ്ക്കെത്തുന്നതായും ആക്ഷേപമുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started