മീൻകച്ചവടത്തിനായി ചന്ത നവീകരിച്ചു : പക്ഷേ, കച്ചവടക്കാർ എത്തുന്നില്ല

04-12-2022

ആറ്റിങ്ങൽ : ചന്തയിലെ മീൻകട നഗരസഭ നവീകരിച്ചെങ്കിലും കച്ചവടക്കാർ ഇവിടേക്കെത്തുന്നില്ല. ഇപ്പോൾ ചന്തയിൽ കച്ചവടത്തിനെത്തുന്നത് മൂന്ന് മത്സ്യത്തൊഴിലാളികൾ മാത്രമാണ്. അവരും ചന്തയുടെ കവാടത്തിലിരുന്നാണ് കച്ചവടം ചെയ്യുന്നത്. 

ഒരു ചരുവം മീൻ ചന്തയിലിറക്കുമ്പോൾ 250 രൂപ കരം കൊടുക്കണം. മീൻ വിറ്റാലും ഇല്ലെങ്കിലും കരം ഒഴിവാകില്ല. മുമ്പ് ധാരാളം കച്ചവടക്കാർ ചന്തയിലെത്തിയിരുന്ന സമയത്ത് ചന്തയിൽ എപ്പോഴും ആൾത്തിരക്കുണ്ടായിരുന്നു. 

എന്നാൽ, ചന്തയ്ക്കുള്ളിൽ അടിസ്ഥാനസൗകര്യങ്ങൾ കുറഞ്ഞപ്പോൾ കച്ചവടക്കാർ ചന്തയിലേയ്‌ക്കെത്താതായി. വഴിയോരങ്ങളിലേയ്ക്ക് കച്ചവടക്കാർ മാറിയതോടെ ആളുകൾ സൗകര്യപ്രദമായ സ്ഥലങ്ങളിൽനിന്നു മീൻവാങ്ങാൻ തുടങ്ങി. ഇപ്പോൾ ചന്തയിൽ ആളില്ലെന്ന കാരണം പറഞ്ഞാണ് കച്ചവടക്കാർ ചന്തയിലെത്താൻ മടിക്കുന്നത്. നഗരസഭാപ്രദേശത്ത് വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും കച്ചവടക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തു. 

വഴിയോരക്കച്ചവടം നിയന്ത്രിച്ചിട്ടുള്ള സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷവും കച്ചവടം തുടർന്നതോടെ നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന കർശനമാക്കുകയും നിരോധിത സ്ഥലങ്ങളിൽ കച്ചവടം ചെയ്തിരുന്നവരുടെ മീൻ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഇത്തരത്തിൽ മീൻ പിടിച്ചെടുത്തതിനെത്തുടർന്ന് ഏതാനുംപേർ നഗരസഭയിലെത്തി അധികൃതരുമായി വാക്കേറ്റം നടത്തുകയുണ്ടായി. തുടർന്ന് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിഴയീടാക്കിയശേഷമാണ് കച്ചവടക്കാർക്ക് മീൻ തിരിച്ചുനല്കിയത്. തുടർന്നും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചന്തയ്ക്കുള്ളിൽ നഗരസഭ നിർമിച്ചിട്ടുള്ള കെട്ടിടത്തിൽ പച്ചക്കറിക്കടകളുൾപ്പെടെ നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കടമുറിക്ക് മാസം 7500 രൂപ നഗരസഭയ്ക്ക് വാടക നല്കണം.

ചന്തയിൽ ആളുകൾ കുറഞ്ഞതോടെ ഈ കച്ചവടക്കാരാകെ ബുദ്ധിമുട്ടിലാണ്. പല ദിവസങ്ങളിലും 500 രൂപയുടെ കച്ചവടംപോലും നടക്കാറില്ലെന്ന് കച്ചവടക്കാർ പറയുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started