മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയതോടെ ശബരിമല തീർത്ഥാടകർക്കായി കൂടുതൽ ബസ് സർവീസുകൾ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം.

04-12-2022

കൊച്ചി : മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയതോടെ ശബരിമല തീർത്ഥാടകർക്കായി കൂടുതൽ ബസ് സർവീസുകൾ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. പമ്പയിലും നിലയ്‌ക്കലിലും തിരക്ക് കുറയ്‌ക്കുന്നതിന് അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടാണ് നിർദേശങ്ങൾ നൽകിയത്.

തിരുവിതാകൂർ ദേവസ്വം ബോർഡ്, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കും ഇത് സംബന്ധിച്ച് ഹൈക്കോടതി നിർദേശം നൽകി. അധിക ബസ് സർവീസ് അനുവദിക്കുന്ന കാര്യത്തിൽ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു. തീർത്ഥാടകർ വർധിച്ചതോടെ നിലയ്‌ക്കലിലും പമ്പയിലും ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ റൂട്ടിൽ ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ല. തിരക്ക് കാരണം മുതിർന്ന ഭക്തർക്കും ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 

വാഹന സൗകര്യത്തിന്റെ അപര്യാപ്തത ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെയും വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നതായി കോടതി നിരീക്ഷിച്ചു. സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ അടിയയന്തരമായി നടപടി ആവശ്യപ്പെട്ടത്.

Comments

Leave a comment

Design a site like this with WordPress.com
Get started