
03-12-2022
നെയ്യാറ്റിൻകര : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ താനെ തുറന്ന് ഐ.ടി.ഐ. വിദ്യാർഥിനി റോഡിൽ തെറിച്ചുവീണു. അതിയന്നൂർ, അരംഗമുകൾ, പൊറ്റയിൽ, ധന്യ ഭവനിൽ ബിനുവിന്റെയും ഷീബയുടെയും മകൾ മന്യ (18)യ്ക്കാണ് ഗുരുതര പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ കരമന-കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര നഗരസഭാ മൈതാനത്തിന് എതിർവശത്തായിട്ടായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുകയായിരുന്ന പാറശ്ശാല ഡിപ്പോയിലെ ഓർഡിനറി ബസിൽ മൂന്നുകല്ലിൻമൂട്ടിൽനിന്നും കൂട്ടുകാരി നിധിയക്കൊപ്പമാണ് മന്യ കയറിയത്. നല്ല തിരക്കുള്ള ബസിൽ പുറകുവശത്തെ വാതിൽ തുറന്നാണ് അപകടമുണ്ടായത്. മന്യ തെറിച്ചുവീണതു കണ്ട് യാത്രക്കാർ നിലവിളിച്ചെങ്കിലും ഇരുനൂറു മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്. കൂട്ടുകാരി നിധിയ നിലവിളിച്ച് നാട്ടുകാരെക്കൂട്ടി. ഇതിനിടെ പോലീസുമെത്തി. മന്യയെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. അവിടത്തെ ചികിത്സയ്ക്കുശേഷം വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചു. ദേഹമാസകലം മുറിവേറ്റ മന്യയുടെ മുഖത്തെ എല്ലുപൊട്ടി.
അപകടസ്ഥലത്തുനിന്ന് മന്യയെ ആശുപത്രിയിലെത്തിച്ച പോലീസ് പക്ഷേ, കേസ് എടുക്കാൻ വൈകി. പരാതി ഉയർന്നതോടെ അടുത്ത ദിവസം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്നാണ് നെയ്യാറ്റിൻകര പോലീസിന്റെ വാദം. സംഭവത്തിൽ കെ.എസ്.ആർ.ടി.സി. ഒരു ഇൻസ്പെക്ടറെവെച്ച് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഉത്തരവാദികൾക്കെതിരേ നടപടി എടുത്തിട്ടില്ലെന്ന് മന്യയുടെ അച്ഛൻ ബിനുവും അമ്മ ഷീബയും ആരോപിച്ചു. മൂന്നുദിവസമായിട്ടും നടപടിയില്ല


Leave a comment