
29-11-2022
വിഴിഞ്ഞം സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജി ആര്‍.നിശാന്തിനിയെയാണ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍, കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.
ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. ക്യാമ്പുകളില്‍ നിന്നുള്ള പൊലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്.
ഒരു പൊലീസ് സ്റ്റേഷന്‍ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നല്‍കി നിയമിക്കുന്നത്.


Leave a comment