
29-11-2022
വക്കം : ഗതാഗതക്കുരുക്കിലും അടിസ്ഥാന സൗകര്യമില്ലായ്മയിലും വീർപ്പുമുട്ടി വക്കം ജങ്ഷൻ. നിരവധി സ്ഥാപനങ്ങളും വീതികുറഞ്ഞ റോഡും റെയിൽവേ ഗേറ്റുമാണ് വക്കം ജങ്ഷനെ വർഷങ്ങളായി കുരുക്കിലാക്കുന്നത്. ജങ്ഷൻ വികസനം അന്നും ഇന്നും വാക്കിൽ ഒതുങ്ങുകയാണ്.
തീരദേശത്തെ പ്രധാനഗ്രാമവും ചിറയിൻകീഴ് താലൂക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് വക്കം. ദിവസേന നിരവധിയാളുകൾ വന്നുപോകുന്ന വക്കം ജങ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമോ കാൽനടയാത്രികർക്ക് നടപ്പാതയോ ഒരുക്കുവാൻ നാളിതുവരെയായി അധികാരികൾക്ക് സാധിച്ചിട്ടില്ല.
പഞ്ചായത്ത് ഓഫീസ്, പൊതു മാർക്കറ്റ്, ഹയർസെക്കൻഡറി സ്കൂൾ, പെട്രോൾ പമ്പ്, നിരവധി സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന വക്കം ജങ്ഷനിലെ റോഡ് വികസനം ഇന്നും തുടങ്ങിയ സ്ഥലത്തുതന്നെ നിൽക്കുകയാണ്.
റെയിൽവേ ഗേറ്റ് മുതൽ പണയിൽക്കടവ് വരെയുള്ള ഭാഗത്ത് റോഡിന് വീതി കുറവാണ്. വക്കത്തെ വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ വാഹനങ്ങൾ അലക്ഷ്യമായി റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. റെയിൽവേ ഗേറ്റടയ്ക്കുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര ജങ്ഷൻ വരെയെത്തും. ഇത് വക്കത്തെയാകെ കുരുക്കും.
ഓരോ തവണ ഗേറ്റടച്ച് തുറക്കുമ്പോഴും വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. പണയിൽക്കടവ് പാലം വന്നതുമുതൽ വക്കം വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്.
കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നുണ്ട്. നടപ്പാതയില്ലാത്തതിനാൽ കാൽനടക്കാരും സമീപത്തെ സ്കൂളിലെ വിദ്യാർഥികളുമേറെ ബുദ്ധിമുട്ടിയാണ് ജങ്ഷൻ കടന്നു പോകുന്നത്. പലപ്പോഴും കാൽനടയാത്രക്കാർക്ക് അപകടങ്ങളുമുണ്ടാകുന്നു.
റോഡിന്റെ വീതിക്കുറവും പാർക്കിങും കാരണം വലിയ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. വർഷങ്ങളായി റോഡ് തകർന്നുകിടക്കുന്നതും ഗതാഗതത്തെ ബാധിക്കുന്നു. പൊതുമരാമത്ത് വകുപ്പിനാണ് റോഡിന്റെ ചുമതല.
ജങ്ഷനിലെ ഓടയെല്ലാം മൂടിക്കിടക്കുന്നതിനാൽ മഴക്കാലമായാൽ രൂക്ഷമായ വെള്ളക്കെട്ടും പതിവാണ്. വക്കത്തെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി അവധി ദിവസങ്ങളിൽ നിരവധി ആളുകൾ എത്തുന്നുണ്ട്. ജനത്തിരക്കും വാഹനത്തിരക്കും വർധിച്ചിട്ടും ജങ്ഷന്റെ വികസനം മാത്രം സാധ്യമാകുന്നില്ല.വക്കം ജങ്ഷൻ നവീകരണം കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. റോഡിനു വീതികൂട്ടി കാൽനടയാത്രക്കാർക്കും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം


Leave a comment