ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി

Nov 25, 2022

ദില്ലി: ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ജയില്‍മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014-ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അമീറുളിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അസമിലുള്ള അതിദരിദ്രരായ കുടുംബാംഗങ്ങള്‍ക്ക് തന്നെ കാണാന്‍ കേരളത്തിലേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കുടുംബാംഗങ്ങളെ കാണുക എന്ന തന്റെ മൗലികാവകാശം സംരക്ഷിക്കണമെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അമീറുള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടിസ്ഥാന മനുഷ്യാവകാശ പ്രശ്നമാണിതെന്ന് അമീറുളിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2014-ലെ ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍, കോടതിയുടെ പരിഗണനയില്‍ ആണെങ്കില്‍ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ അസമിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അഭിഭാഷകരായ കെ. പരമേശ്വര്‍, ശ്രീറാം പറക്കാട്, സതീഷ് മോഹനന്‍ എന്നിവരാണ് അമീറുളിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർ‍ജി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വധശിക്ഷ ശരിവച്ചിട്ടില്ല. അതിനാൽ സാധാരണ ജയിൽപ്പുള്ളികൾക്കുള്ള ജയിൽ മാറ്റം അടക്കമുള്ള അവകാശങ്ങൾ തനിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൾ സുപ്രിംകോടതിയെ സമീപിച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started