
November 23, 2022
തിരുവനന്തപുരം:മരണ വിവരം പറഞ്ഞ ഡോക്ടർക്ക് നേരെ അക്രമം. ന്യൂറോസർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെയാണ് രോഗിയുടെ കൂടെയുള്ളയാൾ ആക്രമിച്ചത്. രോഗി മരിച്ചുവെന്ന് അറിയിച്ചതോടെ രോഗിയുടെ ഭർത്താവ് ഡോക്ടറെ തള്ളിയിട്ട ശേഷം വയറ്റിൽ ചവിട്ടുകയായിരുന്നു. പരിക്കേറ്റ വനിത ഡോക്ടർ ചികിൽസയിലാണ്.
ബ്രെയിൻ ട്യൂമറുമായി സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ ചികിൽസ തേടിയ രോഗിയുടെ ഭർത്താവാണ് വനിത ഡോക്ടറെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലർച്ചയോടെ രോഗി മരിച്ചു. ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പിജി ഡോക്ടർ രോഗിയുടെ ഭർത്താവായ കൊല്ലം സ്വദേശി സെന്തിൽ കുമാറിനോട് പറയവേ ആണ് ആക്രമണം ഉണ്ടായത്. പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പൊലിസ് ആക്രമണം നേരിട്ട വനിത ഡോക്ടറുടെ മൊഴിയെടുത്തു. മൃതദേഹവുമായി ശെന്തിൽകുമാർ കൊല്ലത്തേക്ക് പോയതിനാൽ അവിടെ പൊലീസുമായി ബന്ധപ്പെട്ടാകും തുടർ നടപടികൾ. വനിത ഡോക്ടറെ ആക്രമിച്ച ശെന്തിൽകുമാറിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് മെഡിക്കൽ കോളജ് ഡോക്ടമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

Leave a comment