
23-11-2022
വർക്കല : സി.ഡി.എസിന്റെ വ്യാജരേഖ ചമച്ച് വനിതാ സംഘങ്ങൾക്കുള്ള വായ്പയുടെ പേരിൽ തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ നഗരസഭാ ഭരണസമിതിക്കും സി.ഡി.എസിനുമെതിരേ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പി.യും. സംഭവത്തിൽ അറസ്റ്റിലായ രണ്ട് സ്ത്രീകളിൽ മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പിന്നിൽ എൽ.ഡി.എഫിലെ ഉന്നതർക്ക് പങ്കുണ്ട്. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും ഇരുപാർട്ടികളും ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്നിലുള്ള നേതാക്കളെ ഉൾപ്പെടെ അന്വേഷണത്തിലൂടെ ജനമധ്യത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി.
റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭാ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. തുടർന്നു നടന്ന പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ ഉദ്ഘാടനം ചെയ്തു.
നേതാക്കളും നഗരസഭാ കൗൺസിലർമാരും പങ്കെടുത്തു. കുറഞ്ഞ പലിശയ്ക്കുള്ള വായ്പകൾ വഴിവിട്ട രീതിയിൽ നേടി ഭരണകക്ഷി പാർട്ടിക്കാരുടെ കീശ വീർപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ബി.ജെ.പി. നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഇതിനുമുമ്പും നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതി തിരിമറി സി.ഡി.എസ്. നടത്തിയിട്ടുണ്ട്. അതിനെ വെള്ളപൂശുന്ന നടപടിയാണ് സി.പി.എം. സ്വീകരിക്കുന്നത്.
പോലീസിന്റെ ഭാഗത്തുനിന്നു ശരിയായ അന്വേഷണം ഉണ്ടാകുന്നില്ല. വിജിലൻസിനു മുകളിലുള്ള ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തണം. ബി.ജെ.പി. ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
നേതാക്കളായ ഇലകമൺ സതീശൻ, ആർ.അനിൽകുമാർ, ആർ.വി.വിജി, കോവിലകം മണികണ്ഠൻ, അനന്തു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വിജിലൻസ് അന്വേഷിക്കണം- കോൺഗ്രസ്
സി.ഡി.എസിന്റെ വ്യാജരേഖ ചമച്ച് തട്ടിപ്പിനു ശ്രമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് വർക്കല നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ബാക്കിപത്രമാണ് ഇപ്പോഴത്തെ തട്ടിപ്പ്. നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് സി.ഡി.എസ്. പ്രവർത്തിക്കുന്നത്. നിയന്ത്രിക്കാൻ നഗരസഭാ ഭരണസമിതിക്ക് കഴിയുന്നില്ല.
എൽ.ഡി.എഫ്. പശ്ചാത്തലമുള്ള രണ്ട് സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷത്തെ സി.ഡി.എസിന്റെ അഴിമതി അന്വേഷിക്കണം.
ഇതിനായി വിജിലൻസിന് പരാതി നൽകും. പ്രക്ഷോഭ പരിപാടികൾക്കും കോൺഗ്രസ് നേതൃത്വം നൽകുമെന്ന് കൗൺസിലർമാർ അറിയിച്ചു.
പി.എം.ബഷീർ, എസ്.പ്രദീപ്, ബിന്ദു തിലകൻ, രാഗശ്രീ, ഇന്ദുലേഖ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Leave a comment