സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ച് സാമൂഹികമാധ്യമത്തിൽ തരംഗമായി മാറിയ മലയാളി ദമ്പതിമാരെ പാങ്ങോട് സൈനികകേന്ദ്രത്തിൽ ക്ഷണിച്ചുവരുത്തി ആദരിച്ചു

22-11-2022

തിരുവനന്തപുരം : സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ച് സാമൂഹികമാധ്യമത്തിൽ തരംഗമായി മാറിയ മലയാളി ദമ്പതിമാരെ പാങ്ങോട് സൈനികകേന്ദ്രത്തിൽ ക്ഷണിച്ചുവരുത്തി ആദരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സൈന്യത്തെ ക്ഷണിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ക്ഷണക്കത്തയച്ച രാഹുൽ-കാർത്തിക ദമ്പതിമാരെയാണ് സൈന്യം ആദരിച്ചത്. സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവാഹക്ഷണത്തിനു സൈന്യത്തിന്റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ ദമ്പതികളുമായി സംവദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.

നവംബർ പത്തിനാണ് തിരുവനന്തപുരം സ്വദേശികളായ രാഹുലിന്റെയും കാർത്തികയുടെയും വിവാഹം നടന്നത്. ഇരുവരും ബി.ടെക്. ബിരുദധാരികളാണ്. രാഹുൽ കോയമ്പത്തൂരിൽ അസിസ്റ്റന്റ് ബാങ്ക് മാനേജരായും കാർത്തിക തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ ഐ.ടി. പ്രൊഫഷണലായും ജോലി ചെയ്യുകയാണ്. 

സൈനികരുടെ സേവനത്തിനു നന്ദി അറിയിക്കുന്നതിനായി ദമ്പതിമാർ വിവാഹ ക്ഷണക്കത്തിന്റെ ഇടതുവശത്ത് കൈകൊണ്ട് ഒരു കുറിപ്പ് എഴുതി. ‘ഡിയർ ഹീറോസ്’ എന്ന അഭിവാദ്യത്തോടെയായിരുന്നു കുറിപ്പിന്റെ ആരംഭം. ക്ഷണക്കത്തിനു നന്ദി അറിയിച്ചുകൊണ്ട് സൈന്യം ഇതു സാമൂഹികമാധ്യമത്തിൽ പോസ്റ്റു ചെയ്തു. കാർഡിന്റെ ഇടതുവശത്തുള്ള ആകർഷകമായ കുറിപ്പ് സമൂഹികമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started