ഇന്ന് മുതൽ അഞ്ചു ദിവസം തലസ്ഥാനത്തെങ്ങും കലയുടെ മാമാങ്കത്തിൽ മുഴുകും

kala

22-11-2022

തിരുവനന്തപുരം: ഇന്ന് മുതൽ അഞ്ചു ദിവസം തലസ്ഥാനത്തെങ്ങും കലയുടെ മാമാങ്കത്തിൽ മുഴുകും. നാല് സ്കൂളുകളിലായി 12 ഓളം വേദികളുടെ അവസാന മിനുക്കു പണികളുടെ തിരക്കിലായിരുന്നു റവന്യു ജില്ലാ കലോത്സവ സംഘാടകർ. ഗവ.ഗേൾസ് ഹയർസെക്കൻഡറി കോട്ടൺഹിൽ, ഗവ.എൽ.പി.എസ് കോട്ടൺഹിൽ, ഗവ.പി.പി.ടി.ടി.ഐ കോട്ടൺഹിൽ, വഴുതക്കാട് എസ്.എസ്.ഡി ശിശുവിഹാർ യു.പി.എസ്, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലായി നടക്കുന്ന മത്സരങ്ങളുടെ ചാർട്ട് തയാറാക്കുന്നതും മറ്റിടങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വഴിതെറ്റിപ്പോകാതിരിക്കാനുള്ള റൂട്ട് മാപ്പ് തയാറാക്കുന്നതിന്റെയുമൊക്കെ തിരക്കിലാണ് സംഘാടകർ. പ്രധാന വേദിയായ കോട്ടൺഹില്ലിൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒരേ സമയം 1000ൽ അധികം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് രചനാ മത്സരങ്ങളും തിരുവാതിരയും ഉദ്ഘാടനവുമാണ് നടക്കുക. നൃത്ത മത്സരങ്ങളും മറ്റും നാളെ (ചൊവ്വ) മുതലാണ് ആരംഭിക്കുക. ഒരേസമയം 600 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉൗട്ടുപുരയിലുണ്ടാകും. തിരുപുറം സ്വദേശി ആന്റണിയാണ് കലോത്സവത്തിനെത്തുന്നവർക്കായി ഭക്ഷണമൊരുക്കുക. 12 ഉപജില്ലകളിൽ നിന്നായി 7000ത്തോളം കുട്ടികളാണ് കലോത്സവത്തിൽ മത്സരിക്കുക.ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു കലോത്സവം ഉദ്ഘാടനം ചെയ്യും.മേയർ ആര്യാരാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രി ജി.ആർ.അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ജി.സ്റ്റീഫൻ,ഐ.ബി.സതീഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന മേളയ്ക്ക് 27 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിൽ 22 ലക്ഷം സർക്കാർ ഫണ്ടുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started