17-ാം നൂറ്റാണ്ടിലെ രാജഭരണത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന പേരേറ്റിൽ വഴിയമ്പലം സംരക്ഷണമില്ലാതെ നശിക്കുന്നു

mm

20-11-2022

വർക്കല : 17-ാം നൂറ്റാണ്ടിലെ രാജഭരണത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന പേരേറ്റിൽ വഴിയമ്പലം സംരക്ഷണമില്ലാതെ നശിക്കുന്നു. 300 വർഷത്തോളം പഴക്കമുള്ള വഴിയമ്പലത്തിന്റെ പ്രൗഢിക്കാണ് കാലപ്പഴക്കവും അവഗണനയും കാരണം മങ്ങലേറ്റത്. വർക്കല-കവലയൂർ റോഡരികിൽ ഒറ്റൂർ പഞ്ചായത്തിലെ പേരേറ്റിൽ ജംഗ്ഷനിലാണ് വഴിയമ്പലം സ്ഥിതിചെയ്യുന്നത്. 1729-നും 1758-നും മദ്ധ്യേമാർത്താണ്ഡവർമയുടെ ഭരണകാലത്താണ് വഴിയമ്പലം സ്ഥാപിച്ചത്. കന്യാകുമാരി മുതൽ വർക്കലവരെയുള്ള രാജവീഥിയിൽ നിർമിച്ച 18 വഴിയമ്പലങ്ങളിലൊന്നാണ് പേരേറ്റിലുള്ളത്. പൂർണമായും കരിങ്കല്ലിലാണ് നിർമിച്ചിട്ടുള്ളത്. തൂണുകളും ചുവരുകളും മേൽക്കൂരയുമെല്ലാം കൊത്തുപണികളോടുകൂടിയ കരിങ്കല്ലാണ്.

വേണാട് എന്ന ചെറിയ രാജ്യത്തെ തിരുവിതാംകൂർ എന്ന പ്രബലശക്തിയായി മാറ്റാൻ മാർത്താണ്ഡവർമയ്ക്കു കഴിഞ്ഞതിന്റെ അടയാളങ്ങളാണ് വഴിയമ്പലങ്ങൾ.

വിശ്രമകേന്ദ്രം ഇന്ന് ബസ് കാത്തിരിപ്പുകേന്ദ്രം

യുദ്ധതന്ത്രങ്ങളിലൂടെ രാജ്യവിസ്തൃതി വരുത്തിയ മാർത്താണ്ഡവർമയുടെ മനസ്സിലെ കുറ്റബോധം തീർക്കാനും പാപപരിഹാരത്തിനും ബ്രാഹ്മണപ്രീതിക്കുമായി ഒട്ടേറെ സത്കർമങ്ങൾ ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 18 വഴിയമ്പലങ്ങളും 18 കിണറുകളും 18 ചുമടുതാങ്ങികളും 18 കുളങ്ങളും 18 പടികളും നിർമിച്ചു. അന്ന് മന്ത്രിയായിരുന്ന രാമയ്യൻ ദളവയുടെ മേൽനോട്ടത്തിലാണ് വഴിയമ്പലങ്ങൾ പണിതത്. ഗതാഗതസൗകര്യമില്ലാതിരുന്ന കാലത്ത് കാൽനടയായി എത്തുന്നവർക്ക് വിശ്രമിക്കാനും സാധനസാമഗ്രികൾ തലച്ചുമടായി കൊണ്ടുപോകുന്നതിനു സൗകര്യമൊരുക്കാനുമായിരുന്നു വഴിയമ്പലങ്ങൾ. ആ വഴിയമ്പലങ്ങൾ മിക്കതും ഇന്ന് ബസ് കാത്തിരിപ്പുകേന്ദ്രമാണ്.

വഴിയമ്പലം നാശത്തിലേക്ക് 

ചോർന്നൊലിച്ചും കരിങ്കൽ ഭിത്തികൾ കരിപിടിച്ചും തകർച്ചയിലുമാണ് ഇന്ന് വഴിയമ്പലമുള്ളത്. പേരേറ്റിലെ വഴിയമ്പലം ഏഴുവർഷം മുമ്പ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തശേഷം ഒരിക്കൽ വൃത്തിയാക്കിയിരുന്നു. പിന്നീട് സംരക്ഷിക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇപ്പോൾ മഴപെയ്താൽ ചോർന്നൊലിക്കും. മുകളിൽ കെട്ടിനിൽക്കുന്ന വെള്ളം മഴ തീർന്നാലും ഒലിച്ചുവീണു കൊണ്ടിരിക്കും. അതിനാൽ മഴസമയത്ത് ഇതിനുള്ളിൽ നനയാതെ നിൽക്കാനാകില്ല. ശക്തമായി മഴ പെയ്താൽ മുന്നിലെ ഓടയിലെ വെള്ളം വഴിയമ്പലത്തിനുള്ളിലൂടെയാണ് ഒഴുകുന്നത്. മുൻപ് പഞ്ചായത്തിന്റെ അധീനതയിലായിരുന്നപ്പോൾ ഇടയ്ക്കിടെയെങ്കിലും വൃത്തിയാക്കുമായിരുന്നു. ഇപ്പോൾ സംരക്ഷണമില്ലാതെ നാൾക്കുനാൾ നശിച്ചുകൊണ്ടിരിക്കുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started