ലോക ഫുട്ബോള്‍ ഉത്സവത്തിന് ഇന്ന് ഖത്തറില്‍ ഇന്ന് കിക്കോഫ്.

Nov 20, 2022

ലോക ഫുട്ബോള്‍ ഉത്സവത്തിന് ഇന്ന് ഖത്തറില്‍ ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇന്ന് ഇക്വഡോറിനെ നേരിടും . അൽബായ്ത്ത് സ്റ്റേഡിയത്തിൽ രാത്രി 9:30 ന് ആണ് മത്സരം. ഫെലിക്സ് സാഞ്ചെസ് പരിശീലകനായ ഖത്തർ ടീം വലിയ പ്രതീക്ഷകളുമായി ആണ് ഇത്തവണ പന്ത് തട്ടാൻ ഇറങ്ങുന്നത്. സ്വന്തം നാട്ടിൽ,സ്വന്തം കാണികൾക്ക് മുൻപിൽ മത്സരിക്കാൻ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഖത്തർ പ്രതീക്ഷിക്കുന്നില്ല. ഏഷ്യൻ കപ്പിലും ഗോൾഡ് കപ്പിലും ഗോളടിച്ചു കൂട്ടിയാണ് ഖത്തർ ടീമിന്റെ വരവ്.അത് കൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അവർ.

അറ്റാക്കിംഗ് ഫുട്ബോൾ ശീലമാക്കിയ ഖത്തര്‍ ടീമിന്റെ നട്ടെല്ല് അൽമോസ് അലിയാണ്. കിട്ടുന്ന ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ പ്രത്യേക കരുത്ത് തന്നെ അൽമോസിനുണ്ട് . 11 ആം നമ്പർ ജഴ്സിയണിയുന്ന അക്രം അഫീഫും 28 ആം നമ്പർ ജഴ്സിയണിയുന്ന ഘാന വംശജൻ മുഹമ്മദ് മുന്താറിയുമാണ് ഖത്തറിന്റെ മറ്റ് പ്രധാന താരങ്ങൾ.

നാലാം ലോകകപ്പിന് ഇറങ്ങുന്ന ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിന് ആശങ്കകൾ ഏതുമില്ല. ഗുസ്താവോ അൽഫാരോ എന്ന പരിശീലകന് കീഴിൽ ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. യൂറോപ്യൻ ലീഗുകളിൽ പയറ്റിത്തെളിഞ്ഞ താരങ്ങളാണ് ഇക്വഡോറിന്റെ കരുത്ത്. നായകൻ വലൻസിയയാണ് ടീമിന്റെ വജ്രായുധം.

11 ആം നമ്പർ താരം മൈക്കേൽ എസ്ത്രാഡയും 23 ആം നമ്പർ താരം മോയിസസ് കെയ്സഡോയും 15 ആം നമ്പർ താരം ഏയ്ഞ്ചൽ മിനയുമാണ് ടീമിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ. ഏതായാലും ലാറ്റിനമേരിക്കയും ഏഷ്യയും തമ്മിലുള്ള പോരിന് കൂടിയാണ് അൽബായ്ത് വേദിയാവുക.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started