
20-11-2022
വർക്കല : തച്ചോട് പൈപ്പിൻമൂട് ജങ്ഷനിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പിന്നിലേക്കുരുണ്ടിറങ്ങി ഒരാളുടെ മരണത്തിനിടയാക്കിയ അപകടം പ്രദേശവാസികൾക്ക് ഞെട്ടലായി. ബസ് സമീപത്തെ കെട്ടിടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ബസ് ഇടിച്ചുനിന്ന കടയുടെ മുന്നിൽ ആരുമില്ലായിരുന്നു. പിന്നിൽ കൂടുതൽ വാഹനങ്ങളുമുണ്ടായിരുന്നില്ല.
മറിച്ചായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും ഏറെയാകുമായിരുന്നു. ബസിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായിരുന്നു. കെട്ടിടത്തിൽ ഇടിച്ചുനിൽക്കാതെ താഴ്ചയിലേക്കു മറിഞ്ഞെങ്കിൽ വലിയ അപകടത്തിൽ കലാശിക്കുമായിരുന്നു.
വർക്കലയിൽനിന്ന് തച്ചോട്, പനയറ വഴി പാരിപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന മൗഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്. വർക്കല മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ ബസിൽ സ്പീഡ് ഗവേർണർ ഇല്ലെന്ന് കണ്ടെത്തി. ബ്രേക്ക് തകരാറിലായാൽ ബസ് തനിയെ നിൽക്കുന്ന എയർ ഫെയിൽ സുരക്ഷാ ബ്രേക്കിങ് സംവിധാനം, പാർക്കിങ് ബ്രേക്ക് എന്നിവ ഇളക്കിയിട്ടിരിക്കുന്നതായും കണ്ടെത്തി. നിറയെ യാത്രക്കാരുമായി സഞ്ചരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. യാത്രക്കാരെല്ലാം നിലവിളിക്കുന്നുണ്ടായിരുന്നു.
അപകടദൃശ്യങ്ങൾ വിദ്യാർഥിനികളെ പരിഭ്രാന്തരാക്കി. റോഡിൽ രക്തം തളംകെട്ടിനിന്നു. അഗ്നിരക്ഷാസേനയെത്തി കഴുകിമാറ്റുകയായിരുന്നു. അപകടമറിഞ്ഞ് നിരവധിപേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അപകടമുണ്ടാക്കിയ ബസിനെക്കുറിച്ച് നാട്ടുകാർക്കെല്ലാം മുമ്പേ പരാതിയുണ്ടായിരുന്നു. അലക്ഷ്യമായ ഡ്രൈവിങ്ങും യാത്രക്കാരോടുള്ള മോശം പെരുമാറ്റവും നാട്ടുകാർ പങ്കുെവച്ചു. ഇതേ റൂട്ടിലുള്ള മറ്റ് ബസുകാരുമായി തർക്കങ്ങളും ഉരസലുകളും പതിവായിരുന്നു. ബസ് ജീവനക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആകെ ആവശ്യപ്പെട്ടത്.
തച്ചോട് ചന്തയിലെ കച്ചവടത്തിനു ശേഷം മീനുമായി വട്ടപ്ലാംമൂട് ഭാഗത്തക്കു പോകുമ്പോഴാണ് അർഷാദ് അപകടത്തിൽപ്പെട്ടത്. ഒന്നുമറിയാതെ ബസിനു പിന്നിലൂടെ സഞ്ചരിച്ചയാളുടെ ദാരുണമരണം നാട്ടുകാരെ രോഷാകുലരാക്കി.
നാട്ടുകാരിൽ ചിലർ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു. അപകടത്തിന് അല്പനേരം മുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ ബസ് ഇടിച്ചുകയറിയ കടയുടെ മുന്നിൽനിന്നാണ് ഫോട്ടോയെടുത്തത്. അവർ പോയതിനു പിന്നാലെയായിരുന്നു അപകടം. അർഷാദ് വിൽക്കാനായി കൊണ്ടുപോയ മത്സ്യങ്ങൾ അവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

Leave a comment