പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ്

Nov 18, 2022

തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റാണ് സജ്ജമാക്കുന്നത്. വൃക്ക രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽ ഡയാലിസിസ് സെന്ററുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. ഒരേ സമയം അഞ്ച് രോഗികൾക്ക് വരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ഇൻസ്റ്റിറ്റ്യൂട്ടിലെ ഐപി ബ്ലോക്കിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക. എത്രയും വേഗം ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൃക്ക രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള 98 ആശുപത്രികൾ വഴിയും മെഡിക്കൽ കോളേജുകൾ വഴിയും ഡയാലിസിസ് സൗക്യങ്ങളൊരുക്കിയിട്ടുണ്ട്. ഡയാലിസിസ് രോഗികൾ കൂടുന്നത് മുന്നിൽ കണ്ട് കൂടുതൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനോ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനോ ശ്രമിച്ചുവരുന്നു.

ആശുപത്രികളിൽ മാത്രം ചെയ്യാൻ കഴിയുന്നതും ചെലവേറിയതുമാണ് ഹീമോ ഡയാലിസിസ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്. ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്നതാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി.

നിലവിൽ 12 ജില്ലകളിൽ പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യങ്ങളുള്ളത്. ബാക്കി രണ്ട് ജില്ലകളിൽ കൂടി ഈ സംവിധാനം സജ്ജമാക്കുന്നതാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started