എട്ടാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ സമഗ്ര ചർച്ചയിൽ വിദ്യാർഥികൾ

18-11-2022

തിരുവനന്തപുരം : എട്ടാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ സമഗ്ര ചർച്ചയിൽ വിദ്യാർഥികൾ. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സ്‌കൂൾ തലത്തിൽ നടത്തിയ സമഗ്ര ചർച്ചയോടനുബന്ധിച്ച് കോട്ടൺഹില്ലിലെ വിദ്യാർഥികളാണ് നിർദേശങ്ങൾ അവതരിപ്പിച്ചത്.

പാഠപുസ്തകങ്ങൾക്ക് പുറമേ പ്രായോഗിക വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകണം. അതോടൊപ്പം സൈബർ നിയമങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം വിദ്യാർഥികളിൽ സൃഷ്ടിക്കണം. സാങ്കേതിക മേഖലയിലെ വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തണം. 

മാതൃഭാഷയോടൊപ്പം മറ്റ് ഭാഷകൾ ആശയവിനിമയം ചെയ്യാനുള്ള പരിശീലനം നൽകണം, കായിക വിദ്യാഭ്യാസം കൂടുതൽ ആധികാരികമാക്കണം തുടങ്ങിയവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നൽകിയ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. 

ഒന്നാം പീരിയഡിന് ശേഷം ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ചർച്ചയ്ക്കായി സമയം നീക്കിവെയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിർദേശിച്ചിരുന്നു. യു.പി. മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കിടയിലാണ് ക്ലാസ്‌റൂം ചർച്ച നടന്നത്. ചർച്ചയിലെ നിർദേശങ്ങളിൽ തിരഞ്ഞെടുത്തവ സമഗ്രശിക്ഷാ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾക്ക് കൈമാറും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started