
17-11-2022
നെടുമങ്ങാട് : നെടുമങ്ങാട് നഗരത്തിലെ തെരുവുനായശല്യം കുട്ടികൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. ടൗണിൽ തന്നെയുള്ള എസ്.ബി.ഐ.യുടെ മുന്നിലുള്ള നടപ്പാതയിലാണ് തെരുവുനായകൾ കൂട്ടത്തോടെ വിഹരിക്കുന്നത്.
നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥിനികൾ, ബാങ്ക് ജീവനക്കാർ, ബാങ്കിലെത്തുന്ന മറ്റ് ആളുകൾ, കാൽനടയാത്രക്കാർ എന്നിവർക്കെല്ലാം നായ്ക്കൂട്ടം പേടിയാകുകയാണ്. നെടുമങ്ങാട് എസ്.ബി.ഐ.ക്കു മുന്നിലായി തെരുവിൽ അലയുന്ന സ്ത്രീയാണ് 50ലധികം വരുന്ന നായ്ക്കളെ തീറ്റിപ്പോറ്റുന്നത്. റോഡിൽക്കൂടി പോകുന്നവർക്ക് ഈ നായകൾ ഭീഷണിയായിട്ടും സ്ത്രീയെ മാറ്റുന്നതിനോ, നായശല്യത്തിൽനിന്ന് ആളുകളെ രക്ഷിക്കാനോ നഗരസഭയോ പോലീസോ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. ഈ അപകടത്തിൽനിന്നു തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതികൾ നഗരസഭക്കും പോലീസിനും നൽകി.
നഗരസഭയോ, പോലീസോ ഒരുനടപടിയും സ്വീകരിക്കാത്തത് അപകടങ്ങളുടെ ആക്കംകൂട്ടുന്നു. സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കുനേരേ കുരച്ചുചാടൽ, കുട്ടികളുടെ പിന്നാലെ കടിക്കാനായി ഓടിക്കുക എന്നിവ ഇവിടെ പതിവുകാഴ്ചയാണ്. കുട്ടികളെ സ്കൂളിലേക്ക് വിടാൻതന്നെ പേടിയാണെന്ന് രക്ഷിതാക്കൾ പറയുന്നു. കൂടാതെ തൊട്ടുമുൻപിലുള്ള പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തുന്നവരെയും ഈ നായ്ക്കൂട്ടം ആക്രമിക്കുന്നത് പതിവായിട്ടുണ്ട്.
തെരുവുനായശല്യവും പേവിഷബാധയും നാട്ടുകാരുടെ പേടിസ്വപ്നമാകുമ്പോഴും നഗരസഭയും പോലീസും ഒരു നടപടിയുമെടുക്കാതെ മൗനത്തിലാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലുമായി 26ലധികം ആളുകൾക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഒരുദിവസം ഒൻപതുപേരെ തെരുവുനായ കടിച്ച സംഭവവും നെടുമങ്ങാട്ട് അടുത്തിടെയുണ്ടായി. അധികാരികൾ സംഭവത്തിലിടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് യുവജനസംഘടനകളുടെ തീരുമാനം

Leave a comment