ശരണം വിളികളാൽ മുഖരിതമായ സായാഹ്നത്തിൽ ശബരിമല നട തുറന്നു

16-11-2022

ശരണം വിളികളാൽ മുഖരിതമായ സായാഹ്നത്തിൽ ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി ഭക്തര്‍ പതിനെട്ട് പടികള്‍ കയറി
അയ്യനെ കണ്ടു.

ശബരിമലയിലെ പുതിയ പുറപ്പെടാ മേല്‍ശാന്തിയായി ജയരാമന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിയുന്ന മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, എഡിജിപി എം.ആര്‍. അജിത്ത് കുമാര്‍, ദേവസ്വം സെക്രട്ടറി
കെ. ബിജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started