ട്രെയിന്‍ യാത്രയില്‍ പ്രമേഹ രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അനുയോജ്യ ഭക്ഷണം; പുതിയ പരിഷ്‌കാരം

November 16, 2022

ന്യൂഡല്‍ഹി: ഇനി ട്രെയിന്‍ യാത്രയില്‍ യാത്രക്കാരുടെ ഇഷ്ടാനുസരണം ഭക്ഷണം ലഭിക്കും. പ്രാദേശിക ഭക്ഷണത്തിന് പുറമേ, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നവര്‍ എന്നിവര്‍ക്ക് അനുയോജ്യമായ ഭക്ഷണവും മെനുവില്‍ ഉള്‍പ്പെടുത്താന്‍ ഐആര്‍സിടിസിക്ക് റെയില്‍വേ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കി.

ട്രെയിനിലെ കാറ്ററിങ് സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. യാത്രക്കാരുടെ ഇഷ്ടാനുസരണം മെനു പരിഷ്‌കരിക്കാനാണ് ഐആര്‍സിടിസിക്ക് തത്വത്തില്‍ അനുമതി നല്‍കിയതെന്ന് റെയില്‍വേ ബോര്‍ഡിന്റെ കുറിപ്പില്‍ പറയുന്നു. പ്രാദേശിക ഭക്ഷണം, ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ഭക്ഷണം, ഒരു പ്രത്യേക സമയത്ത് ലഭിക്കുന്ന ഭക്ഷണം, പ്രമേഹരോഗികള്‍ക്കുള്ള ഭക്ഷണം, കുട്ടികള്‍ക്കുള്ള ഭക്ഷണം, ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടുള്ള ഭക്ഷണം തുടങ്ങിയവ ട്രെയിനില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരമെന്നും കുറിപ്പില്‍ പറയുന്നു.

റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ, ട്രെയിനില്‍ പുതുക്കിയ മെനു അനുസരിച്ചുള്ള ഭക്ഷണം ലഭ്യമാവും. പ്രീപെയ്ഡ് ട്രെയിനുകളില്‍ ഐആര്‍സിടിസി മെനു തീരുമാനിക്കും. നിലവിലെ താരിഫ് അനുസരിച്ചാണ് മെനു പരിഷ്‌കരിക്കുക. പ്രീപെയ്ഡ് ട്രെയിനുകളില്‍ കാറ്ററിങ് ചാര്‍ജും ഉള്‍പ്പെടുന്നതാണ് യാത്രാക്കൂലി. പ്രീപെയ്ഡ് ട്രെയിനുകളില്‍ അലാകാര്‍ട്ടെ മീല്‍സ്, ബ്രാന്‍ഡഡ് ആയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ എന്നിവ പരമാവധി വിലയില്‍ വില്‍പ്പന നടത്താനും അനുമതി നല്‍കി. മെനുവും നിരക്കും ഐആര്‍സിടിസിക്ക് നിശ്ചയിക്കാമെന്നും കുറിപ്പില്‍ പറയുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started