
07-11-2022
പാറശ്ശാല : സുഹൃത്തായ ഷാരോണിനെ കഷായത്തിൽ കളനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെ കാരക്കോണത്തിന് സമീപം രാമവർമ്മൻചിറയിലെ അവരുടെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. ഞായറാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പ് രാത്രിവരെ നീണ്ടു. ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പം കേരള പോലീസിന്റെ ഫൊറൻസിക് വിഭാഗവുമെത്തിയിരുന്നു. കഷായം നിർമിച്ച പാത്രവും കഷായത്തിന്റെ പൊടിയും വീട്ടിൽ നിന്നു കണ്ടെത്തി.
കഴിഞ്ഞ 14-ന് ഷാരോണും താനും ഗ്രീഷ്മയുടെ വീട്ടിലെത്തിയിരുന്നതായും തന്നെ പുറത്ത് നിർത്തിയ ശേഷം ഷാരോൺ വീടിനുള്ളിലേക്ക് പോയെന്നും ഷാരോണിന്റെ സുഹൃത്ത് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്ന് ഷാരോണിന് വീടിനുള്ളിൽ വച്ച് കഷായത്തിൽ കളനാശിനി കലക്കി നൽകിയെന്നാണ് ഗ്രീഷ്മയുടെ മൊഴി.
ഷാരോൺ വീട്ടിലെത്തിയ ദിവസം അവിടെ നടന്ന സംഭവങ്ങൾ പോലീസ് പുനഃസൃഷ്ടിച്ചു. തെളിവെടുപ്പിൽ ഗ്രീഷ്മ സഹകരിച്ചു. തെളിവെടുപ്പിനിടയിൽ ഗ്രീഷ്മയുടെ അച്ഛനെ അന്വേഷണസംഘം വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഷാരോൺ ഛർദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി.
ഷാരോണിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ചെന്ന് ഗ്രീഷ്മ പറഞ്ഞ ശിവലോകം ഡാമിന് സമീപത്തെ റിസോർട്ടിലും ഞായറാഴ്ച തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, വീട്ടിലെ തെളിവെടുപ്പ് നീണ്ടതോടെ റിസോർട്ടിലെ തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
മുൻപും കളനാശിനി ജ്യൂസിൽ കലർത്തി നൽകി
: മുമ്പും ജ്യൂസിൽ കളനാശിനി കലർത്തി ഷാരോണിന് നൽകിയിരുന്നതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മയിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചത്. പതിന്നാലാം തീയതിക്ക് മുമ്പ് പലപ്പോഴും ജ്യൂസിൽ കളനാശിനി കലർത്തി ഷാരോണിന് നൽകിയിരുന്നതായി അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തിയതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് പലതവണ ജ്യൂസ് ചലഞ്ച് സംഘടിപ്പിച്ചത്.
കന്യാകുമാരി, കുഴിത്തുറ പഴയ പാലം, നിർമാണം പുരോഗമിക്കുന്ന ബൈപ്പാസ് എന്നിവിടങ്ങളിൽ ഷാരോണിനോടൊപ്പം പോയിട്ടുണ്ട്. ഈ സമയങ്ങളിൽ ജ്യൂസിൽ കളനാശിനി കലർത്തി നൽകിയിരുന്നു. ചില ദിവസങ്ങളിൽ ഷാരോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ അത് കാലാവധി കഴിഞ്ഞ ജ്യൂസായിരിക്കുമെന്ന് പറഞ്ഞിട്ടുള്ളതായി ഗ്രീഷ്മ വെളിപ്പെടുത്തി.
ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങൾ ഷാരോൺ ചിത്രീകരിക്കുന്നത് താൻ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇക്കഴിഞ്ഞ പതിന്നാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോൺ എത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് കഷായത്തിൽ കളനാശിനി കലർത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോൺ കാണുന്ന തരത്തിൽ സൂക്ഷിച്ചു.
സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയിൽ സംശയമുണ്ടെങ്കിൽ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടർന്ന് കഷായം എടുത്ത് നൽകുകയായിരുന്നു.
കഷായം കുടിച്ച ഉടനെ ഷാരോൺ ഛർദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നൽകിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ. വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടയിൽ ഈ രംഗങ്ങൾ അന്വേഷണസംഘത്തിന് മുന്നിൽ പുനരാവിഷ്‌കരിക്കുകയും ചെയ്തു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment