
07-11-2022
തിരുവനന്തപുരം : മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച കേസിലെ പ്രതിയുമായി ഞായറാഴ്ച മ്യൂസിയം പോലീസ് തെളിവെടുപ്പു നടത്തി. ഡോക്ടറെ ആക്രമിച്ച സ്ഥലവും അതിനുശേഷം ഒളിച്ചിരുന്നയിടവും പ്രതി സന്തോഷ് പോലീസിനു കാണിച്ചുകൊടുത്തു. രാവിലെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്കുശേഷവും തുടർന്നു. തെളിവെടുപ്പു പൂർത്തിയാക്കി പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. സന്തോഷിനെ കസ്റ്റഡിയിൽ ലഭിക്കാൻ പേരൂർക്കട പോലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും.
കുറവൻകോണത്ത് വീടുകളിൽ കയറിയതിനും കഴിഞ്ഞ വർഷം ഡിസംബറിൽ കുറവൻകോണത്ത് മറ്റൊരു വീട്ടിൽക്കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതിനുമുള്ള കേസുകളിലെ അന്വേഷണത്തിനായാണ് പേരൂർക്കട പോലീസ് കസ്റ്റഡി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറിൽ തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ചതും സന്തോഷാണെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് തൊടുപുഴ പോലീസ് മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു. ഇയാളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും തൊടുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്.
2021 ഡിസംബർ ആറിന് രാത്രി ആശുപത്രിയിൽനിന്ന് താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചെങ്കിലും വ്യക്തതക്കുറവ് തിരിച്ചടിയായി. ഇതോടെ കേസിലെ അന്വേഷണം നിലച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾവഴി സന്തോഷിന്റെ ചിത്രവും ദൃശ്യങ്ങളും പ്രചരിച്ചതോടെയാണ് ഇയാളാണോ കേസിലെ പ്രതിയെന്ന സംശയം വനിതാഡോക്ടർക്കുണ്ടായത്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment