
05-11-2022
കല്ലമ്പലം : നാവായിക്കുളം പഞ്ചായത്തിലെ മഠത്തിലഴികം നാഗരുകാവ് ഭാഗത്ത് പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ വിഷയം പറകുന്ന്, താഴെവെട്ടിയറ നിവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളൊന്നുമായില്ല.
നിലവിൽ ഇവിടെ തോടിനു കുറുകെ വീതികുറഞ്ഞ നടപ്പാലമാണുള്ളത്. പാലത്തിന്റെ അടിഭാഗത്തെ കമ്പി ദ്രവിച്ച് കോൺക്രീറ്റ് ഇളകിയ നിലയിലാണ്. വർഷങ്ങളായി തുടരുന്ന യാത്രാദുരിതം അവസാനിപ്പിക്കണമെങ്കിൽ വാഹനങ്ങൾക്ക് കടന്നുപോകാനാകുന്ന പാലം വരണം.
പുതിയ പാലം വന്നാൽ രണ്ടു റോഡുകളെയും മൂന്ന് വാർഡുകളെയും ബന്ധിപ്പിക്കാം. ഇപ്പോൾ മൂന്നര കിലോമീറ്റർ ചുറ്റിയാണ് പ്രദേശവാസികൾ നാവായിക്കുളം, കല്ലമ്പലം ഭാഗങ്ങളിലേക്കു പോകുന്നത്.
വാഹനത്തിൽ നാവായിക്കുളത്തെത്താൻ ഇരുപത്തിയെട്ടാം മൈൽ ചുറ്റിത്തിരിയണം. എതുക്കാട് ഐ.ഒ.ബി. റോഡിനെയും പറകുന്ന് തോട്ടാവീട് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലം വരേണ്ടത്. നാവായിക്കുളം, താഴെവെട്ടിയറ, പറകുന്ന് വാർഡുകളെയും ബന്ധിപ്പിക്കാം. ഇവിടെയുള്ളവർക്കും സമീപ പഞ്ചായത്തിലെ മുത്താന നിവാസികൾക്കും നാവായിക്കുളത്തേക്കു യാത്രാസൗകര്യം കിട്ടും. പഞ്ചായത്ത്, വില്ലേജ്, കൃഷി, സബ് രജിസ്ട്രാർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസുകൾ, പ്രാഥമികാരോഗ്യകേന്ദ്രം, ഇ.എസ്.ഐ. ഡിസ്‌പെൻസറി, പോസ്റ്റ് ഓഫീസ്, ബാങ്കുകൾ, മാർക്കറ്റ്, നാവായിക്കുളം ഹയർ സെക്കൻഡറി സ്‌കൂൾ, ആയുർവേദാശുപത്രി, നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കു ദിനംപ്രതി നിരവധി ആളുകൾ പോയിവരുന്നുണ്ട്.
കാവനാട്ടുകോണം മഠത്തിലഴികം നാഗരാജ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലിയും വിളക്കും ഘോഷയാത്രയും ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് നടപ്പാലം വഴി കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. പാലം വന്നാൽ പ്രദേശത്തിന്റെ വികസനവും സാധ്യമാകും.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment