
05-11-2022
വിതുര : ആദിവാസി-തോട്ടംമേഖലകളുടെ ആശ്രയമായ വിതുര താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾ പരിശോധനയും ചികിത്സയുമില്ലാതെ വലയുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവാണ് പ്രധാന പ്രശ്നം.
രോഗികൾ കൂട്ടമായി കാത്തുനിൽക്കുമ്പോഴും പ്രധാന ഡോക്ടർമാർ ഇരിക്കുന്ന പരിശോധനാമുറികൾ അടഞ്ഞുകിടക്കുന്നതാണ് പതിവ്. ജൂനിയർ ഡോക്ടർമാരിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് പലപ്പോഴും ഉണ്ടാകുക. പ്രായമുള്ളവർക്കും കുട്ടികൾക്കും ഉൾപ്പെടെ മണിക്കൂറുകളോളം ആശുപത്രി ഇടനാഴിയിൽ കാത്തുനിൽക്കേണ്ടി വരുന്നു. രാവിലെ എട്ടുമണിക്ക് എത്തുന്നവർക്കുപോലും ഉച്ചയോടെ മാത്രമാണ് വീടുകളിലേക്കു മടങ്ങാൻ കഴിയുന്നത്. ഡോക്ടർമാരില്ലാത്തതിനാൽ കഴിഞ്ഞ ദിവസം മെഡിക്കൽ ഓഫീസറാണ് ഉച്ചവരെ ഒ.പി.യിൽ രോഗികളെ പരിശോധിച്ചത്.
ഡോക്ടർമാരിൽ പലരും നീണ്ട അവധിയെടുത്തതാണ് പ്രതിസന്ധിക്കു കാരണം. കുടുംബാരോഗ്യകേന്ദ്രത്തിൽനിന്നു താലൂക്കാശുപത്രിയായി ഉയർത്തി വർഷങ്ങൾ കഴിഞ്ഞിട്ടും അപര്യാപ്തതകളിലാണ് ആശുപത്രി പ്രവർത്തനം. ചെറിയ അസുഖങ്ങളുമായി എത്തുന്നവരെപ്പോലും പലപ്പോഴും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽകോളേജിലേക്കും റഫർ ചെയ്യുകയാണ് പതിവ്. രാത്രികാലങ്ങളിലാണ് പ്രശ്നം രൂക്ഷം. ചെറിയ അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിലെത്തുന്നവരെപ്പോലും ഇത്തരത്തിൽ റഫർ ചെയ്യുന്നതായി രോഗികൾ പറയുന്നു. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തകളെക്കുറിച്ചുള്ള പരാതികൾ പറഞ്ഞു മടുത്ത രോഗികൾക്ക് ചികിത്സ ലഭിക്കണമെന്ന ആവശ്യം മാത്രമേ ഇപ്പോൾ പറയാനുള്ളൂ.
മന്ത്രിയുടെ ‘മിന്നൽ’ പരിശോധനയിലും ഫലമില്ല
: അപര്യാപ്തകളെക്കുറിച്ചുള്ള പരാതികളെ തുടർന്ന് മന്ത്രി വീണാ ജോർജ് നടത്തിയ മിന്നൽപ്പരിശോധനയിൽ രണ്ടുമാസം കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. അടിസ്ഥാന വികസന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ജി.സ്റ്റീഫൻ എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും മന്ത്രിയെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം.
ആശുപത്രിയും പരിസരവും പരിശോധിച്ച മന്ത്രി വേണ്ട പരിഗണന നൽകുമെന്നും ഉറപ്പു നൽകിയിരുന്നു. തൊട്ടടുത്ത ദിവസം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
ഫണ്ടിന്റെ അഭാവം വികസന പദ്ധതികൾക്ക് തടസ്സമാകുന്നതായുള്ള ആക്ഷേപത്തെ തുടർന്നായിരുന്നു വകുപ്പിലെ ധനകാര്യ വിഭാഗം ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയത്. പക്ഷേ, രണ്ടു സന്ദർശനങ്ങളും ഫലംകണ്ടില്ലെന്ന് രോഗികൾ പറയുന്നു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment