
04-11-2022
ആറ്റിങ്ങൽ : അങ്കണവാടി ജീവനക്കാരിയെ അപമാനിച്ച പോലീസുദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി വേണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. പ്രവർത്തകർ ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കുന്നുവാരം അങ്കണവാടി വർക്കർ ആർ.അനിതയെ പോലീസ് മോഷണക്കുറ്റമാരോപിച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയി അധിക്ഷേപിച്ചുവെന്നാണ് ആരോപണം. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ വൈസ് പ്രസിഡന്റും ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗവുമാണ് അനിത. ഒക്ടോബർ 31-ന് രാവിലെ അങ്കണവാടിയിലേക്കു പോകാൻ പൂവമ്പാറയിൽനിന്ന് ഒരു സ്വകാര്യബസിൽ കയറിയതാണ് അനിത. ബസ് കച്ചേരി ജങ്ഷനിലെത്തിയപ്പോൾ ഇറങ്ങിപ്പോയ ഒരു യാത്രക്കാരി മടങ്ങിവന്ന് അവരുടെ പണം മോഷണം പോയെന്ന് അറിയിച്ചു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അനിതയെയും ഒരു എൻജിനിയറിങ് വിദ്യാർഥിനിയെയും ബസിൽ നിന്നിറക്കി ജനമധ്യത്തിലൂടെ നടത്തിച്ച് സ്റ്റേഷനിലെത്തിച്ച് ദേഹപരിശോധന നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ബസിലെ മറ്റ് യാത്രക്കാരെ പരിശോധിക്കാൻ പോലീസ് തയ്യാറായതുമില്ല. മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്ന വനിതയെയും വിദ്യാർഥിനിയെയും ബോധപൂർവം അപമാനിച്ച പോലീസുകാർക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സ്റ്റേഷനുസമീപം മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സി.പി.എം. ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ്.ലെനിൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ് എം.മുരളി അധ്യക്ഷനായി. അഞ്ചുതെങ്ങ് സുരേന്ദ്രൻ, വൃന്ദാറാണി, ഷൈലജാ മോഹൻ, സിന്ധു, സി.ദേവരാജൻ, ആർ.രാജു, എം.പ്രദീപ്, ജി.വ്യാസൻ എന്നിവർ നേതൃത്വം നല്കി. പോലീസുകാർക്കെതിരേ നടപടിയാവശ്യപ്പെട്ട് അനിത മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നല്കിയിട്ടുണ്ട്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment