04-11-2022

വെട്ടൂർ പഞ്ചായത്തിലെ പുത്തൻചന്ത മാർക്കറ്റ് വികസനം പില്ലറുകൾ സ്ഥാപിക്കാനെടുത്ത കുഴികളിൽ ഒതുങ്ങുന്നു. ഹൈടെക് വികസനമെന്ന പേരിൽ തുടങ്ങിയ നിർമാണമാണ് രണ്ടുവർഷത്തിലേറെയായി എങ്ങുമെത്താതെ കിടക്കുന്നത്. പില്ലറുകൾക്കായി കുഴിയെടുത്തതല്ലാതെ മറ്റൊരു ജോലികളും തുടങ്ങാനായിട്ടില്ല. കുഴികൾ മാലിന്യം തള്ളാനുള്ള ഇടവുമായി മാറി. മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലം കാടുകയറി വൃത്തിഹീനമായ സ്ഥിതിയിലാണ്. ഇവിടെ കച്ചവടം നടത്തിവന്ന മത്സ്യവിൽപ്പനക്കാർ ഉൾപ്പെടെയുള്ളവർ വഴിയാധാരമായി. ചന്തയ്ക്ക് സമീപം റോഡരികിലാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്.
വർക്കല മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുചന്തയാണ് പുത്തൻചന്തയിലേത്. വർഷാവർഷം ലേലംവഴി വെട്ടൂർ പഞ്ചായത്തിന്റെ പ്രധാന വരുമാന സ്രോതസ്സുമായിരുന്നു. വർക്കല- കല്ലമ്പലം റോഡും കടയ്ക്കാവൂർ റോഡും കൂടിച്ചേരുന്ന ഭാഗത്താണ് വർഷങ്ങളായി മാർക്കറ്റ് പ്രവർത്തിച്ചുവന്നത്. മാർക്കറ്റ് കേന്ദ്രീകരിച്ചാണ് ടൗണിന്റെ വളർച്ചയുമുണ്ടായത്. പുത്തൻചന്തയും പരിസരവും വികസിച്ചെങ്കിലും അസൗകര്യങ്ങൾ നിറഞ്ഞതും വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് ചന്ത പ്രവർത്തിച്ചുവന്നത്. അതിന് പരിഹാരമായാണ് ചന്ത നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്.
2020 നവംബറിൽ കോൺഗ്രസ് ഭരണസമിതിയുടെ അവസാന സമയത്താണ് നിർമാണോദ്ഘാടനം നടന്നത്. തീരദേശ വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ 2.15 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് മാർക്കറ്റ് നവീകരിക്കാൻ ഉദ്ദേശിച്ചത്. ബഹുനില മന്ദിരം, മത്സ്യവിപണനത്തിനും മത്സ്യം സൂക്ഷിക്കാനും മലിനജലം ശുചീകരിക്കാനുമുള്ള സംവിധാനം, ശുചിമുറികൾ, വിശ്രമമുറികൾ എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തത്. അതിനായി മാർക്കറ്റ് പൂർണമായി ഒഴിപ്പിക്കുകയും പില്ലർ നിർമാണത്തിന് കുഴികളെടുക്കുകയും ചെയ്തു.
കരാറുകാരൻ പൈലിങ് മാത്രം നടത്തി പിൻവാങ്ങിയതാണ് നിർമാണം തടസ്സപ്പെടാൻ കാരണമായി ഭരണസമിതി പറയുന്നത്. പണി ഉടൻ പുനരാരംഭിക്കാനാകുമെന്നും അവർ പറയുന്നു. മാർക്കറ്റിന്റെ നവീകരണം നീളുന്നതിനെതിരേ പ്രതിഷേധവും ശക്തമാകുകയാണ്. മാർക്കറ്റ് നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പുത്തൻചന്ത യൂണിറ്റ് ഭാരവാഹികൾ വി.ജോയി എം.എൽ.എ. ക്ക് നിവേദനം നൽകി.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment